Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യം ആനന്ദം – `വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് ജില്ലയിൽ സ്വീകരണം നൽകി

29 Dec 2025 11:31 IST

Jithu Vijay

Share News :

കോട്ടക്കൽ : ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കായിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.


ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഒരു ബദൽ സമൂഹത്തിന്റെ ആവശ്യമാണെന്നും ആരോഗ്യബോധവും കായിക ക്ഷമതയും വളർത്തുക എന്നതാണ് ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം നിർവഹിച്ച്  മന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുടെയും ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ റാലിയുടെയും ഫ്ലാഗ് ഓഫ് ചടങ്ങാണ് മന്ത്രി വി. അബ്ദുറഹ്മാൻ  നിർവഹിച്ചത്. 


ഡിസംബർ 26ന് കാസർകോട് നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ഞായർ രാവിലെ 6.30 ന് മലപ്പുറം 

കോട്ടക്കൽ വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലാണ് സ്വീകരണം നൽകിയത്.  ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖാതിഥിയായി. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറുന്നത് ആശങ്കാജനകമാണെന്നും അവ തടയുന്നതിന് അടിയന്തര നടപടികൾ അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഈ ക്യാംപയിൻ പൊതുസമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. വി.ഫിറോസ് ഖാൻ, ഡി.എം.ഒ (ഐ.എസ്.എം) ഇൻ ചാർജ് ഡോ. പി.എ അബ്ദുൽ സലാം, ഡി.എം.ഒ (ഹോമിയോ) ഡോ. ഹന്നാ യാസ്മിൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ.പ്രവീണ , കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ് സ്വാഗതവും ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ കെ.പി.സാദിഖലി നന്ദിയും പറഞ്ഞു.

Follow us on :

More in Related News