Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2025 21:35 IST
Share News :
വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനിക രീതിയിൽ നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്ത് തോട്ടകം ഭാഗത്തുള്ള ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക കൈമാറി തുടങ്ങി. തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോ മീറ്റര്‍ റോഡ് 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുമ്പോള്‍ 963 പേരുടെ കൈവശമിരിക്കുന്ന 6.13 ഹെക്ടര്‍ വസ്തുവാണ് ഏറ്റെടുക്കുന്നത്.
തോട്ടകം-തലയാഴം പഞ്ചായത്ത്, തലയാഴം പഞ്ചായത്ത്-ഇടയാഴം, ഇടയാഴം-കൈപ്പുഴമുട്ട് എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്. ഇതില്‍ തോട്ടകം മുതല്‍ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിലെ കൈവശക്കാരെ നേരില്‍ കേട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഭൂമി വില വിതരണം ചെയ്തു വരുന്നത്. തലയാഴം പഞ്ചായത്ത് മുതല്‍ ഇടയാഴം ജങ്ഷന്‍ വരെയുള്ള കൈവശക്കാരെ നേരില്‍ കേട്ട് അവരുടെ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി. മറ്റ് നടപടികൾ നടന്ന് വരുന്നു .ഒന്നും രണ്ടും റീച്ചുകളുടെ ഭൂമി വില കൈമാറുന്ന മുറയ്ക്ക് മൂന്നാം റീച്ചിന്റെ ഹിയറിങ് നടപടികള്‍ ആരംഭിക്കത്തക്ക വിധത്തിലാണ് നടപടികള്‍ മുന്നോട്ട് പോവുന്നതെന്ന് സി.കെ. ആശ എംഎല്‍എ അറിയിച്ചു. ഒന്നാം റീച്ചിലെ ഹിയറിങ് പൂര്‍ത്തീകരിച്ച ഭൂവുടമകളില്‍ ഭൂമി ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയും. വൈക്കം-വെച്ചൂര്‍ റോഡിലെ നിലവിലുള്ള അട്ടാറ പാലം ബലക്ഷയത്തെ തുടര്‍ന്ന് പൂര്‍ണമായും പൊളിച്ചു പണിയാനും മറ്റ് 4 പാലങ്ങള്‍ 13 മീറ്ററിലേക്ക് വീതി കൂട്ടാനുമുള്ള നിര്‍മാണമാണ് റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട് തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനു മാത്രമായി 85.77 കോടി രൂപ അടക്കം 157 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭിച്ചിരുന്നത്. പിന്നീട് നിര്‍മാണചെലവുകള്‍ പുതുക്കിയ 2021 നിരക്കിലേക്ക് മാറുമ്പോഴുണ്ടാകുന്ന അധിക ചിലവുകള്‍, സേവന പാതകള്‍ക്കായുള്ള അധിക ഭൂമി ഏറ്റെടുക്കല്‍, പാലം നിര്‍മാണം എന്നിവയടക്കം ആവശ്യമുള്ള 253 കോടി രൂപയുടെ പുതുക്കിയ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) കെആര്‍എഫ്ബി അധികൃതര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത കിഫ്ബി യോഗത്തില്‍ പുതുക്കിയ ധനാനുമതി ലഭ്യമാകുമെന്നും എംഎല്‍എ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.