Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രജൗരിയിലെ ദുരൂഹ മരണങ്ങൾക്ക് പിന്നിൽ കീടനാശിനി; മരിച്ചവരുടെ ശരീരത്തിൽ നടത്തിയ പരിശോധന ഫലം ലഭിച്ചു

25 Jan 2025 16:34 IST

Shafeek cn

Share News :

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അഞ്ജാത രോഗത്തിന്റെ കാരണം കണ്ടെത്തി. രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ മരിച്ചവരുടെ ശരീരത്തിനകത്ത് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.


ലക്നോവിലെ സിഎസ്ഐആര്‍- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസര്‍ച്ച് മരിച്ചവരുടെ ദേഹത്തുനിന്നെടുത്ത സാമ്പിളുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയില്‍ ഉപയോഗിക്കുന്ന ആല്‍ഡികാര്‍ബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണ രീതിയെ കുറിച്ച് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി വ്യക്തമാക്കി.


അതേസമയം രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ക്വാറന്റൈനിലേക്ക് അയച്ചവരുടെ എണ്ണം 230 ആയി. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്. അപൂര്‍വ രോഗം ബാധിച്ച് 17 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ ജാഗ്രതയുടെ ഭാഗമായി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എല്ലാ അവധികളും അധികൃതര്‍ റദ്ദാക്കി.


ഡിസംബര്‍ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് 13 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 17 പേരാണ് ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.


53 ദിവസമായിട്ടും ഈ ദുരൂഹ മരണങ്ങളില്‍ കൃത്യമായ വിശദീകരണം ലഭിക്കാത്തത് കശ്മീരിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന്, വിവിധ മെഡിക്കല്‍ കോളജുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ 11 അംഗ വിദഗ്ധ സമിതിയെ ഇവിടേക്ക് നിയോഗിച്ചു. പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.


Follow us on :

More in Related News