Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 19:19 IST
Share News :
ഇടുക്കി: രണ്ട് പതിറ്റാണ്ടിലേറെയായി പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ രണ്ട് തേയില ഫാക്ടറികള്‍ പൊളിക്കാന്‍ ഉടമ നടപടി തുടങ്ങി. ഇതോടെ പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങള്‍ തുറക്കുമെന്ന തൊഴിലാളികളുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. ചീന്തലാര്‍, ലോണ്‍ട്രി ഫാക്ടറികളാണ് പൊളിക്കാന്‍ നീക്കം തുടങ്ങിയത്. 24 വര്‍ഷമായി ഈ ഫാക്ടറികള്‍ പൂട്ടിക്കിടക്കുകയാണ്.
നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ ജീവിതം സമര്‍പ്പിച്ച ഫാക്ടറികള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കു ശേഷം കോടതിയുടെ അനുമതിയോടെയാണ് പൊളിച്ചു വില്‍ക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ് രണ്ടു ഫാക്ടറികളും. ലോണ്‍ട്രിയിലെ ഫാക്ടറിക്ക് മുക്കാല്‍ കപ്പലും, ചീന്തലറിലേതിന് അര കപ്പലും വലിപ്പമുണ്ട്. തോട്ടം പൂട്ടുന്നതിന് മുമ്പ് മുതല്‍ ഗ്രാറ്റുവിറ്റി,
ബോണസ്, ശമ്പളം തുടങ്ങി വിവിധ തരത്തില്‍ തൊഴിലാളികള്‍ക്ക് കമ്പനി പണം നല്‍കാനുണ്ട്. ഈ കുടിശിക നല്‍കാനെന്ന പേരില്‍ കഴിഞ്ഞ ജൂണില്‍ ഉടമ ഒരു കോടി രൂപയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് ഫാക്ടറികള്‍ വിറ്റിരുന്നു. ജൂലായ് 15ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂണിയനെ അറിയിച്ചതോടെയാണ് തൊഴിലാളികള്‍ വിവരം അറിയുന്നത്. അന്നു തന്നെ സംയുക്ത ട്രേഡ് യൂണിയന്‍ ഫാക്ടറി വിലക്കു വാങ്ങിയ കമ്പനിയെ എതിര്‍പ്പറിയിച്ചു. തുടര്‍ന്ന് യൂണിയന്‍ നേതാക്കള്‍ക്കെതിരെ തോട്ടം ഉടമ കോടതിയെ സമീപിച്ചു. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാതെ ഫാക്ടറി പൊളിക്കുന്നതിനെ കോടതിയില്‍
ട്രേഡ് യൂണിയനും എതിര്‍ത്തു. ഡിസംബര്‍ 13ന് തുക നല്‍കാമെന്ന് തോട്ടം ഉടമ സത്യവാങ് മൂലം നല്‍കി. തുടര്‍ന്നാണ് ഫാക്ടറി പൊളിക്കാന്‍ കോടതി അനുമതി നല്‍കിയത്. ചൊവ്വാഴ്ച ഫാക്ടറിയുടെ ചുറ്റുമുള്ള കാട് വെട്ടിമാറ്റാന്‍ നടപടി തുടങ്ങി.
കൊളുന്തു സംസ്‌കരിക്കുന്ന സി.ടി.സി മിഷന്‍ ഉള്‍പ്പെടെ തടിയില്‍ ഉറപ്പിച്ചിട്ടുള്ള സാമഗ്രികള്‍ പരിശോധിച്ചു. ജനറേറ്ററുകള്‍, മോട്ടോറുകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള നിരവധി സാമഗ്രികള്‍ മോഷണം പോയിട്ടുണ്ടെന്ന് ഫാക്ടറി വാങ്ങിയവര്‍ പറഞ്ഞു. ഉടമ തോട്ടം ഉപേക്ഷിച്ചു പോയിട്ട് ഡിസംബര്‍ 13ന് 24 വര്‍ഷം പൂര്‍ത്തിയാകും. ഫാക്ടറി കൂടി പൊളിച്ചു കൊണ്ടുപോകുന്നതോടെ തോട്ടം തുറക്കുമെന്ന തൊഴിലാളികളുടെ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിക്കും. 2000ല്‍ തോട്ടം ഉപേക്ഷിച്ച് ഉടമ മലയിറങ്ങുമ്പോള്‍
1300 സ്ഥിരം തൊഴിലാളികളും, അത്ര തന്നെ താല്‍ക്കാലിക (വാരത്താള്‍) തൊഴിലാളികളും, 33 ഓഫീസ് ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഗ്രാറ്റുവിറ്റി, ബോണസ് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാതെയാണ് ഉടമ തോട്ടം ഉപേക്ഷിച്ചു പോയത്. സംയുക്ത ട്രേഡ് യൂണിയന്‍ വീതിച്ചു നല്‍കിയ പ്ലോട്ടുകളില്‍ നിന്നും കൊളുന്തു നുള്ളി വില്‍പ്പന നടത്തിയും, മറ്റിടങ്ങളില്‍ കൂലിപ്പണി ചെയ്തുമാണ് അന്നു മുതല്‍
തൊഴിലാളികള്‍ ഉപജീവനം നടത്തുന്നത്.
Follow us on :
More in Related News
Please select your location.