Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോള്‍ വല്ലാതെ വേദനിക്കുന്നു; മഞ്ജു വാര്യര്‍

10 Jan 2025 09:08 IST

Shafeek cn

Share News :

കൊച്ചി: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍. ഓര്‍മകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടുമെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. എപ്പോള്‍ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിര്‍ത്തും. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്‌ക്രീനിലേക്ക് നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദമാണ് പി ജയചന്ദ്രന്റെ ശബ്ദമെന്ന് മഞ്ജു പറഞ്ഞു.


തീയറ്ററില്‍ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാന്‍ ജയേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത്. വൈദേഹി കാത്തിരുന്താള്‍ എന്ന സിനിമയിലെ ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ എന്ന പാട്ട്. എന്തുകൊണ്ടാണെന്ന് ഇന്നുമറിയില്ല, കേട്ടപ്പോള്‍ എന്റെ കാതുകള്‍ ആ പാട്ടിന്റെ വഴിയേ പോയി. നിലാവുള്ള ആ രാത്രിയും, ആരുമില്ലാതെ ഒഴുകിനീങ്ങുന്ന കുട്ടവഞ്ചിയും, കല്‍പ്പടവുകളിലിരിക്കുന്ന വിജയകാന്തും ആ ശബ്ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തില്‍ പതിഞ്ഞു. ഓര്‍മയിലെ ആദ്യത്തെ സിനിമാവിഷ്വല്‍. എന്റെ കുട്ടിക്കാല ഓര്‍മകളില്‍ ഏറ്റവും പ്രിയപ്പെട്ടത്.


വളരെ വളരെ എന്ന ആവര്‍ത്തനം കൊണ്ടുപോലും ആ പാട്ടിനോടുള്ള ഇഷ്ടം വിവരിക്കാനാകില്ല. അത്രയ്ക്കും അധികമാണ് ആ പാട്ട് എപ്പോള്‍ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെക്കുറിച്ചുള്ള നഷ്ടബോധവും. ഇങ്ങനെ ഏതുതലമുറയ്ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓര്‍മകള്‍ തിരികെക്കൊടുത്തു ജയേട്ടന്‍. ഗൃഹാതുരതയില്‍ ശബ്ദത്തെ ചാലിച്ച ഗായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ ‘മലര്‍വാകക്കൊമ്പത്ത്’ അദ്ദേഹം പാടിയപ്പോള്‍ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോള്‍ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്റെ എവിടെയൊക്കയോ തൊട്ടുനില്കുന്നതുകൊണ്ടാണ്. പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി.

Follow us on :

More in Related News