Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2026 07:10 IST
Share News :
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ എംഡിഎംഎ വിതരണവുമായി ബന്ധപ്പെട്ട കേസിൽ യുവതിയും യുവാവും അറസ്റ്റിലായി. പുതിയാപ്പ സ്വദേശിനി കീർത്തന (21), നന്മണ്ട സ്വദേശി അനന്തു (26) എന്നിവരെയാണ് നടക്കാവ് പൊലീസും സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളജിന് സമീപത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്.
ഈ മാസം 8-ന് നടക്കാവ് രാരിച്ചൻ റോഡിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് 6 ഗ്രാം എംഡിഎംഎയും 85,000 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു.
രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ വീണ്ടും കണ്ടെത്തി അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്ത് എംഡിഎംഎ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതായിരുന്നു കീർത്തനയുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.
അനന്തുവിനെതിരെ വാഹനം ഇടിച്ച് ഒരു യുവതിയെ കൊലപ്പെടുത്തിയ കേസും ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Follow us on :
More in Related News
Please select your location.