Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ ചൊവ്വാഴ്ച്ച ഓൺലൈൻ പഠനം.

18 Nov 2024 23:52 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങളും നവംബർ 19 ചൊവ്വാഴ്ച്ച വിദൂര പഠന ദിനമായി ആചരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസത്തിലും പഠനത്തിലും അധ്യാപകരുടെയും വിദ്യാർഥികളുടെയും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

വിദ്യാഭ്യാസ രീതികൾ വൈവിധ്യവത്കരിക്കുന്നതിനും ഇ-ലേണിങ് പ്ലാറ്റ്‌ഫോമുകളിലെ നൂതന സാങ്കേതിക സൗകരൃങ്ങളുടെ ഉപയോഗം പരമാവധി വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് “ഡിസ്റ്റൻസ് ലേർണിംഗ് ഡേ” യെന്ന് മന്ത്രാലയം ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല.


കിൻ്റർഗാർട്ടൻ ഒഴികെ ഖത്തറിലുടനീളമുള്ള 215 പബ്ലിക് സ്‌കൂളുകൾക്കും ഖത്തർ എജ്യുക്കേഷൻ സിസ്റ്റം പ്ലാറ്റ്‌ഫോം വഴിയാണ് ചൊവ്വാഴ്ച്ച പഠനം നടക്കുക. 1-12 ഗ്രേഡുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഇതുമായി ബന്ധപെട്ട് വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഖത്തർ എജ്യുക്കേഷൻ സിസ്റ്റം പ്ലാറ്റ്‌ഫോം വഴി വിദ്യാർഥികൾ തത്സമയ സ്ട്രീം ചെയ്യുന്ന പാഠങ്ങളിൽ പങ്കെടുക്കണം. പ്രൈമറി വിദ്യാർഥികൾക്കുള്ള ക്ലാസുകൾ രാവിലെ 7:10 ന് ആരംഭിക്കും, പ്രിപ്പറേറ്ററി, സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ രാവിലെ 8 മണിക്ക് ആരംഭിക്കും.

വീട്ടിൽ ശാന്തവും സൗകര്യപ്രദവുമായ പഠന അന്തരീക്ഷം ഉറപ്പാക്കാനും വിദ്യാർഥികൾ അവരുടെ എല്ലാ പാഠങ്ങളിലും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്കൂളുകൾ നൽകുന്ന ഷെഡ്യൂൾ പാലിക്കാനും മന്ത്രാലയം മാതാപിതാക്കളോട് അഭ്യർഥിച്ചു. 

Follow us on :

More in Related News