Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2026 22:54 IST
Share News :
വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിൽപ്പെട്ട കല്ലറ പഞ്ചായത്തിലെ മുണ്ടാറിലുള്ള 154-ാം നമ്പര്‍ ബൂത്തില്‍ ഇത്തവണയും വോട്ടിങ് മെഷീനടക്കമുള്ള പോളിങ് സാമഗ്രികളുമായി നിർവ്വഹണ ഉദ്യോഗസ്ഥരെത്തിയത് പുരവഞ്ചിയിൽ. 48-ാം നമ്പര്‍ അങ്കണവാടിയിലെ ബൂത്തില്‍ മാത്രമാണ് നിയോജകമണ്ഡലത്തില്‍ വാഹനമെത്താത്ത ബൂത്തുള്ളത്. പ്രത്യേക കവറുകളില്‍ പൊതിഞ്ഞാണ് പോളിങ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ബൂത്തിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ എഴുമാന്തുരുത്ത് പാലത്തിന് സമീപമെത്തിയ ഉദ്യോഗസ്ഥര്‍ പത്ത് മിനിട്ട് സമയം കരിയാറിലൂടെ ബോട്ടില്‍ യാത്ര ചെയ്താണ് മറുകരയെത്തിയത്. ഇവിടെ പാറേല്‍ നഗറിന് സമീപം ഇറങ്ങിയ ഉദ്യോഗസ്ഥര്‍ 200 മീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് ബൂത്തിലെത്തിയത്. ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും ഉദ്യോഗസ്ഥര്‍ക്ക് പുരവഞ്ചിയിലുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ വള്ളത്തിലാണ് ഉദ്യോഗസ്ഥര്‍ ഇവിടെക്കെത്തിയിരുന്നത്. യാത്രയിൽ മാറ്റമില്ല ഇക്കുറി ഹൗസ് ബോട്ട് ആയെന്നു മാത്രം. ഏഴുവര്‍ഷം മുമ്പ് മുണ്ടാറില്‍ പ്രളയവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കരിയാറില്‍ വള്ളം മുങ്ങി മരിച്ചതിനു പിന്നാലെയാണ് പോളിങ് സാധനങ്ങളുമായുള്ള ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലേക്ക് മാറ്റിയത്. പ്രിസൈഡിങ് ഓഫീസര്‍ റെനീഷ് തോമസ്, ഫസ്റ്റ് പോളിങ് ഓഫീസര്‍ അഞ്ജു കൃഷ്ണ, പോളിങ് ഉദ്യോഗസ്ഥരായ ഹാഫീസ് റിസ്വാന്‍, എം.ആര്‍. രമ്യ, സുരക്ഷാ ചുമതലയുള്ള എ.എം. പ്രദോഷ് കുമാര്‍, എന്‍.എസ്.എസ്. വോളന്റിയര്‍ എസ്. ജയദേവ് എന്നിവരാണിവിടെ തിരഞ്ഞെടുപ്പ് ചുമതലയിലുള്ളത്. പോളിംങ് ഉദ്യോഗസ്ഥരെല്ലാം തന്നെ ആദ്യമായാണ് ഇവിടെ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്നത്. ബൂത്തില്‍ ആകെ 845 വോട്ടര്‍മാരാണുള്ളത്. 427 സ്ത്രീകളും 418 പുരുഷന്മാരുമാണുള്ളത്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമായ ഇവിടേയ്ക്ക് മറ്റ് യാത്രാസൗകര്യങ്ങളില്ലാത്തതാണ് മുണ്ടാറിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി നേരിടുന്ന ദുരിതം. തിരഞ്ഞെടുപ്പിനുശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുന്നതും പുരവഞ്ചിയില്‍തന്നെയാണ്.ജനകീയ സമിതി രൂപീകരിച്ച് പാലം യാഥാർഥ്യമാക്കാൻ ശ്രമം നടന്നെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്. റോഡ് സൗകര്യങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ വോട്ടര്‍മാരും വള്ളങ്ങളിലാണ് മുണ്ടാറി ന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.