Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴയാറിലേക്കുള്ള കൈത്തോടും നടപ്പ് വഴിയും സ്വകാര്യ വ്യക്തികൾ അടച്ചത് മൂലം നിർദ്ധന കുടുംബങ്ങൾ വെള്ളക്കെട്ടിൽ.

02 Jul 2025 19:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്വകാര്യ വ്യക്തികൾ കൈത്തോടും നടപ്പ് വഴിയും അടച്ചത് മൂലം നിർദ്ധന കുടുംബങ്ങൾ വെള്ളക്കെട്ടിൽ. പെയ്ത്ത് വെള്ളം ഇറങ്ങിപ്പോകാൻ പോലും മാർഗ്ഗമില്ലാതെ പുരയിടത്തിൽ കെട്ടി നിൽക്കുന്നത് മൂലം ഒരു വീട് തകർച്ചാഭീഷണിയിൽ. മറവൻതുരുത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് രണ്ട് നിർദ്ധന കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നത്. ശ്രീവത്സം വീട്ടിൽ രാധാകൃഷ്ണൻ, ചിറ്റേഴത്ത് പുറവേലിൽ തങ്കമ്മ എന്നിവരാണ് മൂവാറ്റുപുഴയാറിലേക്കുള്ള കൈത്തോടും നടപ്പ് വഴിയും സമീപത്തെ സ്വകാര്യ വ്യക്തി അടച്ചത് മൂലം നാളുകളായി ദുരിതം അനുഭവിക്കുന്നത്. കൈത്തോട് നികത്തിയത് മൂലം ചെറു മഴ പെയ്താൽ പോലും ഇവരുടെ വീടിനുള്ളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. കയറിയ വെള്ളം ഇറങ്ങിപ്പോകാൻ ആഴ്ചകളോളം എടുക്കും. ടോയ് ലെറ്റ് ഉൾപ്പെടെ വെള്ളക്കെട്ടിൽ അമരുന്നതോടെ ദൈനംദിന കൃത്യങ്ങൾ പോലും നടത്താനാവാത്ത സ്ഥിതിയാണ് കുടുംബങ്ങൾ. നാളുകളായി പുരയിടത്തിൽ മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നത് മൂലം ഓടും ആസ്പ്പറ്റോസ് ഷീറ്റും മേഞ്ഞ വീട് ഒരു വശത്തേക്ക് ചരിഞ്ഞ് ഭിത്തികൾക്ക് വിള്ളൽ വീണ് വീട് തകർച്ചാഭീഷണിയിലാണ്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണനും രോഗബാധിതയായ ഭാര്യയും വിദ്യാർഥിയായ മകളും ഈ വീട്ടിലാണ് കഴിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടുപണിക്കാമായി കാർഷിക ബാങ്കിൽ നിന്നും എടുത്തിട്ടുള്ള 8 ലക്ഷം രൂപയുടെ വായ്പ പോലും ഭാര്യയുടെ ചികിത്സയ്ക്കും മറ്റും ചിലവിടുന്നതിനാൽ തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ് കുടുംബം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന 72 കാരിയായ തങ്കമ്മയും അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മകൻ ഉൾപ്പടെ രണ്ട് ആൺമക്കളും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതും ഏറെ ബുദ്ധിമുട്ടിലാണ്. മൂന്ന് വർഷം മുമ്പ് ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട അധികൃതർക്കും കുടുംബങ്ങൾ പരാതി നൽകിയെങ്കിലും അത് പഞ്ചായത്തിന് കൈമാറുകയായിരുന്നു.പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും തുടർ നടപടികൾ നടക്കാത്തതിനാൽ ദുരിതം ഇപ്പോഴും തുടരുകയാണ്. നികത്തിയ ഭാഗം പുന:സ്ഥാപിച്ചാൽ മാത്രമെ നിർദ്ധന കുടുംബങ്ങളുടെ പുരയിടത്തിലെ വെള്ളക്കെട്ടിന് ശാശ്വാതപരിഹാരം കാണാൻ കഴിയു എന്ന സ്ഥിതിയാണ്. അതെ സമയം

നിർദ്ധന കുടുംബത്തിൻ്റെ വീടിന് തകർച്ച ഭീഷണി ഉള്ളത് നേരിൽ കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവർക്ക്

ലൈഫ് പദ്ധതിയിൽപ്പെടുത്തി പുതിയ വീട് അനുവദിച്ചിട്ടുണ്ടെന്നും കുടുംബങ്ങൾ അനുഭവിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം ഇനിയും കാണേണ്ടതുണ്ടെന്നും വാർഡ് മെമ്പർ ഗീതാ ദിനേശൻ പറയുന്നു.

മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട കൈത്തോട് പുന:സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി പലതവണ ഇടപെട്ടിട്ടുള്ളതാണെങ്കിലും തോട് നികത്തിയ പല സ്വകാര്യ വ്യക്തികളും അതിന് തയ്യാറാകാത്തതാണ് പ്രതി സന്ധിക്ക് കാരണമെന്നും വെള്ളക്കെട്ട് ദുരിതം മാറി കിട്ടേണ്ടത് തന്നെയാണെന്നും അതിന് വേണ്ടി ഇനിയും ശ്രമം നടത്തുമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. ടി പ്രതാപൻ പറഞ്ഞു.








 

Follow us on :

More in Related News