Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 22:44 IST
Share News :
കോട്ടയം: ടി കെ രാമകൃഷ്‌ണൻ വിട പറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്. സി.പി.എം കേന്ദ്രകമ്മറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, നിയമസഭാ സാമാജികൻ, പ്രതിപക്ഷനേതാവ്, എൽഡിഎഫ് കൺവീനർ, മൂന്നുതവണ സംസ്ഥാന നിയമസഭയിൽ അംഗം എന്നീ നിലകളിൽ ഉജ്വല വ്യക്തിമുദ്ര പതിപ്പിച്ച ടി കെ രാമകൃഷ്‌ണൻ വിട പറഞ്ഞിട്ട് ഏപ്രിൽ 21ന് രണ്ട് പതിറ്റാണ്ട്. എറണാകുളം ജില്ലയിലെ ഏരൂരിൽ വടക്കെ വൈമിതീയിൽ ജനിച്ച ടി കെ രാമകൃഷ്‌ണൻ 1970ല്‍ കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതൽ കോട്ടയംകാരനായി ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് രാപ്പകല്‍ വ്യത്യാസമില്ലാതെ അധ്വാനിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടി കെ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനു മുൻപ് കൊച്ചി കർഷകസംഘത്തിന്റെയും, തിരു‐കൊച്ചി കർഷകസംഘത്തിന്റെയും പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
മിച്ചഭൂമിസമരം ശക്തിപ്പെട്ട കോട്ടയം ജില്ലയിലെ വൈക്കം, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളില്‍ 1970കളില്‍ നടന്ന നിരവധി ഭൂസമരങ്ങള്‍ക്ക് ടി കെ നേതൃത്വം നല്‍കി. പാര്‍ട്ടി സഖാക്കളുടെ കഴിവിനനുസരിച്ച് ചുമതലകള്‍ അവരെ ഏല്‍പ്പിക്കുന്നതില്‍ അസാധാരണമായ പാടവമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്ന് പഴയകാല പാര്‍ട്ടി പ്രവര്‍ത്തകര്‍ പലരും പറഞ്ഞത് ഞാൻ ഓര്‍മിക്കുന്നു. 1978 വരെ അദ്ദേഹം കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു.
ലളിതജീവിതവും സൗമ്യമായ പെരുമാറ്റവും കൊണ്ട് പരിചയപ്പെടുന്ന വ്യക്തികളെയാകെ തന്നിലേക്കും പാർട്ടിയിലേക്കും ആകർഷിക്കാനുള്ള അസാമാന്യമായ കഴിവിനുടമയായിരുന്നു ടി കെ.
കുട്ടിക്കാലം മുതല്‍ സാഹിത്യ, സാംസ്കാരിക, നാടകരംഗങ്ങളില്‍ അതീവ താല്‍പര്യമുള്ള ആളായിരുന്നു ടി.കെ. നാടക പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശങ്കരാടി, കെ എസ് നമ്പൂതിരി എന്നിവരോടൊപ്പം നാടകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ‘ത്യാഗഭവനം’ എന്ന നാടകം അദ്ദേഹം എഴുതി. ചളിക്കവട്ടത്തെ ഒരു നാടകസംഘം ഈ നാടകം പല സ്റ്റേജുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തകര്‍ച്ച, ആരാധന, അഗതിമന്ദിരം, സഹോദരന്‍ എന്നീ നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളാണ് ഇവ കൈകാര്യം ചെയ്തത്. ടി കെ എഴുതിയ ദേശദ്രോഹികള്‍ എന്ന നാടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘കല്ലിലെ തീപ്പൊരികള്‍’ എന്ന നോവലും അദ്ദേഹം എഴുതിയിട്ടുണ്ട്. കേരളം രൂപീകരിക്കപ്പെട്ടശേഷം 1957 മുതല്‍ 2006 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പതിനൊന്ന് തവണ ടി കെ നിയമസഭയിലേക്ക് മത്സരിച്ചു. അതില്‍ ഒമ്പതുതവണയും ഉജ്വല വിജയം നേടി. കണയന്നൂര്‍, തൃപ്പൂണിത്തുറ, കോട്ടയം എന്നീ മണ്ഡലങ്ങളെയാണ് അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചത് സഹകരണ ആഭ്യന്തര സാംസ്കരിക വകുപ്പ് മന്ത്രിയായിരുന്നു.
സാംസ്കാരികമേഖലയില്‍ ഏക്കാലത്തും എടുത്തുപറയത്തക്ക നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ടി കെ രാമകൃഷ്ണന്‍ എന്ന മന്ത്രിക്ക് സാധിച്ചിട്ടുണ്ട്. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദവിയിലേക്കുയര്‍ത്തിയത്, തിരൂര്‍ തുഞ്ചന്‍ സ്മാരകം എം ടി വാസുദേവന്‍ നായരുടെ നേതൃത്വത്തിലള്ള ട്രസ്റ്റിന് കൈമാറിയത്, ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന് സ്വന്തമായി കെട്ടിടവും പ്രവര്‍ത്തന ഫണ്ടും അനുവദിച്ചത്, കേരള കലാമണ്ഡലത്തെ ഡീംഡ് യൂണിവേഴ്സിറ്റിയുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചത്, കേരളത്തിലെ സാംസ്കാരികവകുപ്പിനു കീഴില്‍ ജോലി ചെയ്തുവന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത്, ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്ര അക്കാദമിക്ക് രൂപംനല്‍കിയത് ഇതൊക്കെ ഇന്നും അഭിമാനത്തോടെ മലയാളിക്ക് ഉയർത്തിക്കാണിക്കാൻ കഴിയുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.