Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപ വൈറസ്: പ്രതിരോധത്തിനാവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിച്ചു- മന്ത്രി വീണാ ജോര്‍ജ്

21 Jul 2024 20:48 IST

Jithu Vijay

Share News :


മലപ്പുറം : നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളം യഥാസമയം ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിപ വൈറസിനെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോവകയാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.  


2018 ലാണ് ആദ്യമായി നിപ വ്യാപനം (ഔട്ട് ബ്രേക്ക്) സംസ്ഥാനത്തുണ്ടാവുന്നത്. പിന്നീട് 2023 ല്‍ മാത്രമേ വ്യാപനം ഉണ്ടായിട്ടുള്ളൂ. 2019 ലും 2021 ലും ഓരോ കേസുകള്‍ മാത്രമാണ് നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഉണ്ടായത്. 2023 ല്‍ നിപ മരണത്തെ ഒരക്ക സംഖ്യയില്‍ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. 70 ശതമാനത്തിന് മുകളിലാണ് ലോകത്ത് നിപ മരണനിരക്ക്. എന്നാല്‍ കേരളത്തില്‍ ഇതിനെ 33 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനായി.

രാജ്യത്ത് നിലനില്‍ക്കുന്ന മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ച് നിപയുമായി ബന്ധപ്പെട്ട സ്ഥിരീകരണം ബയോ സേഫ്റ്റി ലെവൽ 4 (ബി.എസ്.എല്‍ 4) ലാബില്‍ മാത്രമേ പ്രഖ്യാപിക്കാനാവൂ. 2021 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ സംവിധാനം ഒരുക്കി. 2023 ല്‍ ഈ ലാബില്‍ വെച്ചാണ് എല്ലാ പരിശോധനകളും നടത്തിയത്. ഇന്നലെ നിപ സ്ഥിരീകരണം നടത്തിയതും ഇതേ ലാബില്‍ വെച്ചാണ്. ഔദ്യോഗിക സ്ഥിരീകരണം പൂനെ എൻ.ഐ.വി. യിൽ നിന്നാണ്. സംസ്ഥാനത്ത് തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയിലും നിപ പരിശോധനയുമായി ബന്ധപ്പെട്ട മുഴുവന്‍ സംവിധാനങ്ങളും ഒരുക്കി. 82 വൈറസുകള്‍ അവിടെ പരിശോധിക്കാന്‍ നമുക്ക് കഴിഞ്ഞു.


രാജ്യത്ത് നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥനത്തിന് മാത്രമായി ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അതു കൊണ്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായം നമ്മള്‍ തേടി. ബംഗ്ലാദേശ് സ്ട്രെയിന്‍, മലേഷ്യന്‍ സ്ട്രെയിന്‍ എന്നിങ്ങനെ രണ്ടു തരം നിപ വൈറസുകളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ കണ്ടെത്തിയത് ബംഗ്ലാദേശി സ്ട്രെയിന്‍ വൈറസാണ്. മലേഷ്യന്‍ സ്ട്രെയിന്‍ വൈറസ് വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും പന്നികളില്‍ നിന്ന് മനുഷ്യരിലേക്കുമാണ് എത്തുന്നത്. എന്നാല്‍ ബംഗ്ലാദേശി സ്ട്രെയിന്‍ വവ്വാലുകളില്‍ നിന്ന് നേരിട്ടാണ് മനുഷ്യരിലേക്ക് എത്തുന്നത്. അമേരിക്കന്‍ സര്‍ക്കാറിന് കീഴിലുള്ള സി.ഡി.സി (centres for disease control and prevention) നേരിട്ടാണ് ബ്ലംഗാദേശില്‍ നിപ വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്നത്. പനംകള്ളില്‍ നിന്നാണ് അവിടെ വൈറസ് പകരുന്നത് എന്നാണ് അനുമാനമെങ്കിലും സ്ഥിരീകരിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ മനുഷ്യരില്‍ കണ്ടെത്തിയ വൈറസും വവ്വാലുകളില്‍ കണ്ടെത്തിയ വൈറസും ഒരു വകഭേദമാണ് എന്നുള്ളത് നാം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തില്‍ ഒരിടത്തും പഴങ്ങളില്‍ ഈ വൈറസിന്റെ വകഭേദം കണ്ടെത്തിയത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ നമ്മള്‍ 2023 മുതല്‍ അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നിപ ഗവേഷണത്തിന് മാത്രമായി കോഴിക്കോട് ഒരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആന്റിബോഡി കണ്ടെത്തുക മാത്രമല്ല, ആര്‍.എന്‍.എയും നാം കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് നിപ വ്യാപനം (ഔട്ട് ബ്രേക്ക്) ഉണ്ടായ ഇടങ്ങളില്‍ ഏറ്റവും കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തിയത് കേരളത്തില്‍ മാത്രമാണ്. തദ്ദേശീയമായ മോണോക്ലോനല്‍ ആന്റിബോഡി വികസിപ്പിച്ചെടുക്കാന്‍ വേണ്ടി തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ഗവേഷണം നടത്തി വരികയാണ്. 2023 ല്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് പൂനെ എൻ.ഐ.വിയും മോണോ ക്ലോനല്‍ ആന്റിബോഡി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ (ജൂലൈ 20) പൂനെയിലെ എന്‍.ഐ.വി അധികൃതരുമായി സംസ്ഥാനം നേരിട്ട് ആശയ വിനിയമം നടത്തിയിട്ടുണ്ട്. 2018 ല്‍ ആദ്യമായി നിപ പൊട്ടപ്പുറപ്പെട്ടതു മുതല്‍ എല്ലാ വര്‍ഷവും മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നിപ രോഗ ബാധയുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടത്തി വരാറുണ്ട്. ശാസ്ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് നിപ വ്യാപനം ഉണ്ടായ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

Follow us on :

More in Related News