Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം; 'പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം', ഹൈക്കോടതിയിൽ ഹർജി നൽകും

09 Nov 2024 09:42 IST

Shafeek cn

Share News :

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹര്‍ജിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നാണ് ജയില്‍ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 


എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്. 11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയില്‍ മോചിതയായത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരായാലും നാട്ടുകാരായാലും തന്നെ കാണാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോ?ഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. 


കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യംതെളിയണമെന്നാണെന്നും പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതോടെ ദിവ്യ വീട്ടിലേക്ക് മടങ്ങി. സ്ത്രീയെന്ന പ്രത്യേക പരിഗണന നല്‍കിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകര്‍പ്പിലുള്ളത്. പിപി ദിവ്യയുടെ അച്ഛന്‍ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് ആയില്ലെന്നും വിധിയില്‍ പറയുന്നു. 


ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആള്‍ ജാമ്യവും വേണമെന്നാണ് ജാമ്യം നല്‍കുന്നതിനുള്ള ഉപാധികള്‍. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും വിധിപ്പകര്‍പ്പിലുണ്ട്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കും.


അതേസമയം, ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.




Follow us on :

More in Related News