Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും

17 Oct 2024 14:18 IST

Shafeek cn

Share News :

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കും. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാകും കേസെടുക്കുക. നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പ്രതികരിച്ചു. പരാതികള്‍ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം നവീന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റില്‍ നിന്നും വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ദിവ്യ എസ് അയ്യര്‍ ഐഎഎസ് തുടങ്ങി നിരവധിപ്പേരാണ് കളക്ടറേറ്റില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.


നവീന്റെ മരണത്തിന് പിന്നാലെ ദിവ്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിവ്യയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ദിവ്യയെ തള്ളി സിപിഐഎം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികളും രംഗത്തെത്തിയിരുന്നു.




Follow us on :

More in Related News