Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിക്ഷോഭം: കോട്ടയത്ത് റെഡ് അലർട്ട്; ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം

04 Aug 2026 14:00 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പൊതുവിൽ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരമേഖലകളിലും കോട്ടയം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും മറ്റുസ്ഥലങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. ചൊവ്വാഴ്ചയും ജില്ലയിൽ റെഡ് അലെർട്ടും വരും ദിവസങ്ങളിൽ ഓറഞ്ച് അലെർട്ടും നൽകിയിട്ടുള്ള സാഹചര്യത്തിൽ എല്ലാ മേഖലകളിലും ജാഗ്രത തുടരണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. വെള്ളം കയറിയ മേഖലകളിൽനിന്നും റവന്യു, ഫയർ ഫോഴ്സ്, പോലീസ് വകുപ്പുകളും എൻ.ഡി.ആർ.എഫും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒഴിപ്പിക്കുന്ന ആളുകളെ താമസിപ്പിക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണ്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്തുക്കളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

വെള്ളം ഇറങ്ങുന്നതനുസരിച്ച് വീടുകൾ ശുചീകരണം നടത്തി താമസ യോഗ്യമാക്കുന്നതിനുവേണ്ട പിന്തുണ ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡുകൾ, വൈദ്യുതി - കുടിവെള്ള വിതരണ സംവിധാനങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനും പരിഹരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പും കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും നടപടികൾ സ്വീകരിച്ചുവരുന്നു. വസ്തുവകകൾക്കും കന്നുകാലികൾക്കും കൃഷിക്കുമുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലും നദികളുടെയും തോടുകളുടെയും സമീപത്തേക്കും പോകുന്നത് ഒഴിവാക്കണം. വെള്ളം കെട്ടി നിൽക്കുന്ന റോഡുകളിലുടെ വാഹനത്തിലോ നടന്നോ യാത്ര ചെയ്യുന്നത് അപകടരമാണ്. കുട്ടികൾ വീടിനുള്ളിൽതന്നെ കഴിയുന്നു എന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. വെള്ളം ഉയർന്നത് കാണാനും മീൻപിടിക്കാനും മറ്റും കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം- കളക്ടർ പറഞ്ഞു. 

Follow us on :

More in Related News