Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 19:09 IST
Share News :
കൊണ്ടോട്ടി : ജലജീവൻ മിഷൻ്റെ കീഴിൽ എല്ലാവർക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിൻ്റെ ഭാഗമായി നൂറ് ശതമാനം കണക്ഷൻ പൂർത്തീകരിച്ച മലപ്പുറം ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്തായി കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനത്തിലേക്ക് അടുക്കുന്നു. പഞ്ചായത്തിൽ പെട്ട എല്ലാ വീടുകൾക്കും ശുദ്ധജല ടാപ്പ് കണക്ഷൻ ലഭിച്ച അംഗീകാരം സർട്ടിഫൈ ചെയ്യുന്ന ഹർ ഘർ ജൽ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ടി.വി ഇബ്രാഹിം എം.എൽ.എ. ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് ചേർത്ത് അവലോകനം ചെയ്തു.
പഞ്ചായത്തിലെ കണക്ഷനുകളുടെയും പ്രവൃത്തികളുടെയും നിലവിലെ പുരോഗതിയും യോഗം ചർച്ച ചെയ്തു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ജലജീവൻ മിഷൻ സംസ്ഥാന സർക്കാറും പ്രാദേശിക ഭരണകൂടവും ചേർന്ന് എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരോ ഗ്രാമത്തിലും എത്ര കണക്ഷൻ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് മുമ്പ് തന്നെ കണ്ടെത്തി സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്രസർക്കാർ ജലജീവൻ മിഷൻ്റെ ഐ.എം.ഐ. എസിൽ ( ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം) മുതുവല്ലൂർ പഞ്ചായത്തിൽ 4502 കണക്ഷനുകളാണ് നൽകേണ്ടിയിരുത്. ഇത് പൂർത്തീകരിച്ചാൽ തന്നെ സമ്പൂർണ്ണ കണക്ഷൻ ഉള്ള പഞ്ചായത്ത് എന്ന ഹർ ഘർ ജൽ പഞ്ചായത്ത് പ്രഖ്യാപനമാകും. എന്നാൽ മുതുവല്ലൂർ പഞ്ചായത്തിൽ നേരത്തെ ലിസ്റ്റ് ചെയ്യപ്പട്ട കണക്ഷനുകൾക്ക് പുറമെ പുതുതായി കണ്ടെത്തിയ വീടുകൾക്കടക്കം 4757 എണ്ണം ടാപ്പ് വെള്ളം ഇതിനോടകം എത്തിച്ചു കഴിഞ്ഞു. 336 വീടുകൾക്ക് കണക്ഷൻ നൽകിയിട്ടുണ്ടെങ്കിലും ഇൻ്റർ കണക്ഷൻ നൽകാത്തത് കാരണം ജലം എത്താൻ ബാക്കിയുണ്ട്. നിലവിൽ ഇനി നൂറോളം വീടുകൾക്ക് കണക്ഷൻ നൽകാനുമുണ്ട്. പ്രഖ്യാപനത്തിന് മുമ്പ് ഈ വീടുകളിലും ശുദ്ധജലം എത്തി എന്ന് ഉറപ്പാക്കുന്നതാണ്.
ഏതെങ്കിലും വീടുകളോ, അംഗൻവാടികളോ സ്കൂളുകളടക്കമുള്ള പൊതുസ്ഥാപനങ്ങൾക്കോ കണക്ഷൻ നൽകാനുണ്ടെങ്കിൽ ഈ മാസം പതിനഞ്ചാം തിയതിക്കകം വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി അവർക്കും കണക്ഷൻ നൽകുന്നതിനും തീരുമാനിച്ചു. കണക്ഷൻ ലഭിക്കാത്തവർക്ക് ഈ സമയത്തിനകം ഗ്രാമപഞ്ചായത്തിനെ സമീപിക്കാവുന്നതാണ്.
എല്ലാ കണക്ഷനുകളും പൂർത്തീകരിച്ച് ആഗസ്റ്റ് ആദ്യവാരത്തിൽ വിപുലമായ ഹർ ഘർ ജൽ പ്രഖ്യാപനം നടത്താനും യോഗം തീരുമാനിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജല സംഭരണ ടാങ്ക്, ശുദ്ധീകരണ ശാല , മെയിൻ വിതരണ ശ്യംഖല എന്നിവയെല്ലാം നേരത്തെ നിർമ്മിച്ചിരുന്നു. ജലജീവൻ മിഷൻ്റെ ഭാഗമായി 27.38 കോടി രൂപയും സ്റ്റേറ്റ് പ്ലാനിൽ 10 കോടി രൂപയും മുതുവല്ലൂർ പഞ്ചായത്തിൽ മാത്രം വീടുകളിൽ കണക്ഷൻ നൽകുന്നതിന് ചെലവഴിച്ചതായി എം.എൽ.എ. അറിയിച്ചു.
ടി.വി. ഇബ്രാഹിം എം.എൽ. എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നദീറ മുംതാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷരീഫ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ശ്രീധരൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷിബു എ.പി., നജ്മാ ബേബി, എൻ.സി.അഷ്റഫ് , ബിന്ദു ടീച്ചർ,
സി.ഡി.എസ് പ്രസിഡൻ്റ് ഷഹർബാൻ ഡി, വാട്ടർ അതോറിട്ടി മലപ്പുറം പ്രൊജക്ട് എക്സി ക്യൂട്ടീവ് എഞ്ചിനിയർ സന്തോഷ് കുമാർ ഇ.എസ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ ജോബി ജോസഫ്, ജോംസൺ, ജെ. എ. ഇ. മാരായ സമീർ കല്ലൻ, അഫ്സൽ ഒ.പി,
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എംപി മുഹമ്മദ് , അസ്ലം ഷേർ ഖാൻ, അബ്ദുൽ റഷീദ്. എ., ഫൈറൂസ് സി എ, മുഹമ്മദലി മാസ്റ്റർ പഞ്ചായത്ത് എച്ച്.സി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഫോട്ടോ: മുതുവല്ലൂർ ഗ്രാമപഞ്ചായത്തിനെ ഹർ ഘർ ജൽ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി വിളിച്ചു ചേർത്ത യോഗത്തിൽ ടി.വി. ഇബ്രാഹിം എം.എൽ. എ, ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജന പ്രതിനിധികൾ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ
Follow us on :
Tags:
More in Related News
Please select your location.