Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് തന്നെ പുറത്ത് വിടുന്നതിൽ എന്താണ് തടസ്സം: മാല പാർവതി

13 Aug 2024 16:55 IST

Shafeek cn

Share News :

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് തന്നെ പുറത്ത് വിടുന്നതിന് എന്താണ് തടസ്സമെന്ന് സിനിമാ നടി മാല പാർവതി. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു മാല പാർവതി. റിപ്പോർട്ട് പുറത്ത് വിടാൻ ഒരാഴ്ച്ച സമയം നൽകിയിട്ടുണ്ടെങ്കിൽ പോലും എന്ത് കൊണ്ട് സർക്കാർ ഇന്ന് തന്നെ പുറത്ത് വിടുന്നില്ല എന്ന് മാല പാർവതി ചോദിച്ചു.


‘ഹേമ കമ്മീഷൻ രൂപീകരിച്ച മുതലുള്ള പ്രശ്‌നം തന്നെയാണ് ഇപ്പോഴും നേരിടുന്നത്. ആദ്യം ഹേമ കമ്മീഷനെ അധികാര പരിധികൾ ചുരുക്കി ഹേമ കമ്മറ്റിയാക്കി മാറ്റി. പിന്നീട് സിനിമ മേഖലയിൽ നിന്നും പരാതിയായും മൊഴികളായും കമ്മറ്റി പഠിച്ച കാര്യങ്ങൾ പുറത്ത് വിടുന്നതിന് സ്വകാര്യത തടസ്സമാകുമെന്ന് കരുതി വിലക്കി. കോടതിയുടെ ഇടപെടലിൽ സുപ്രധാന പല പേജുകൾ ഒഴിവാക്കിയും വ്യക്തികളുടെ പേര് ഒഴിവാക്കിയും റിപ്പോർട്ട് പുറത്ത് വിടാൻ പിന്നീട് സർക്കാർ നിർബന്ധിതരായി. അങ്ങനെ റിപ്പോർട്ട് പുറത്ത് വിടാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഒരു സിനിമാ നിർമ്മാതാവിന്റെ പൊതുതാല്പര്യ ഹർജിയിൽ വീണ്ടും റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ ലഭിക്കുന്നത്. ആ സ്റ്റേയും കടന്ന് ഹർജി കേരള ഹൈക്കോടതി തള്ളിയിട്ടും സർക്കാർ പുറത്ത് വിടാൻ തയ്യാറാവുന്നില്ല, അതിന് പിന്നിൽ ആരുടെ താല്പര്യമാണ്’- മാല പാർവതി പ്രതികരിച്ചു.


മറ്റേതൊരു തൊഴിൽ പോലെ തന്നെ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുണ്ടായിട്ടും അഞ്ചു വർഷം കഴിഞ്ഞിട്ടും പുറത്ത് വിടാൻ കഴിയാത്തത് ഖേദകരമാണെന്നും അവർ പറഞ്ഞു. കമ്മറ്റി റിപ്പോർട്ട് അനുസരിച്ച് സിനിമാ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടേണ്ട അവസ്ഥയുണ്ടാകുമായിരുന്നു. അതിനുള്ള സാധ്യതയാണ് അഞ്ചു വർഷമായി തടഞ്ഞ് വെച്ചിരിക്കുന്നത് എന്നും മാല പാർവതി പറഞ്ഞു.


അതേ സമയം റിപ്പോർട്ട് പുറത്ത് വിടരുതെന്ന ഹർജിക്കാരന്റെ ആവശ്യം ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് തള്ളിയത്. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിടും. വിധി പരിശോധിച്ചതിന് ശേഷം മാത്രമാകും റിപ്പോര്‍ട്ട് പുറത്തുവിടുക.

Follow us on :

More in Related News