Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയിലാണ്ടിയിൽ ആനയുടെ ചവിട്ടേറ്റുമരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ല; പരാതിയുമായി കുടുംബം

18 Feb 2025 09:23 IST

Shafeek cn

Share News :

കോഴിക്കോട്: കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇവരുടെ കൈകളിലിട്ടിരുന്ന മൂന്ന് വള ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കിയിരുന്നു.


അപകടം നടന്നയുടന്‍ ലീലയെ ആശുപത്രിയിലെത്തിച്ചത് മകന്‍ ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തില്‍ ആഭരണങ്ങളുണ്ടായിരുന്നതായാണ് ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറയുന്നത്. എന്നാല്‍, മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയില്‍ ആഭരണം നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി വി എന്‍ വാസവന്റെയും കാനത്തില്‍ ജമീല എംഎല്‍എയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.


ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആമകളായ പീതാംബരനും ഗോകുലും വിരണ്ടോടിയത്. പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആനകള്‍ പരസ്പരം കൊമ്പുകോര്‍ത്തതോടെ ആളുകള്‍ പരിഭ്രാന്തരായി. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് തകര്‍ത്തുവീണു. ഇതിനിടയില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആനയുടെ ചവിട്ടേറ്റാണ് ലീല മരിച്ചത്. മുപ്പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.


സംഭവത്തിന് പിന്നാലെ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ ഒരുമാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Follow us on :

More in Related News