Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 13:42 IST
Share News :
കോഴിക്കോട്: എല്‍ഡിഎഫിനെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തി കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. റിയാസ് തന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചെന്നും പാര്‍ട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് തന്റെ വികസന പ്രവര്‍ത്തങ്ങളെ അട്ടിമറിച്ചു എന്ന ഗുരുതര ആരോപണമാണ് കാരാട്ട് റസാക്ക് മുഖ്യമായും മുന്നോട്ടുവെക്കുന്നത്. തന്റെ പല വലിയ പദ്ധതികളും മുഹമ്മദ് റിയാസ് പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെയും, ലീഗിനൊപ്പം ചേര്‍ന്നും അട്ടിമറിച്ചു.
മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ നിരവധി പരാതികളാണ് പാര്‍ട്ടിക്ക് നല്‍കിയത്. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ല. പാര്‍ട്ടി പരിഹരിച്ചില്ലെങ്കില്‍ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്നും മറുപടി പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പാര്‍ട്ടി പോകരുതെന്നും കാരാട്ട് റസാഖ് മുന്നറിയിപ്പ് നല്‍കി. മുഹമ്മദ് റിയാസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതു കൊണ്ടാവാമെന്നും റസാഖ് ആരോപിച്ചു.
നേരത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അധ്യക്ഷ പദവിയില്‍ നിന്നും കാരാട്ട് റസാഖിനെ നീക്കിയേക്കുമെന്ന സൂചന എല്‍ഡിഎഫ് നല്‍കിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായി കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ നീക്കം. റസാഖിനോട് സ്വയം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. എന്നാല്‍ പാര്‍ട്ടി നീക്കം ചെയ്യട്ടെ എന്ന നിലപാടിലാണ് കാരാട്ട് റസാഖ് ഇപ്പോളുള്ളത്. പാര്‍ട്ടി വിട്ടാല്‍ എങ്ങോട്ട് പോകുമെന്ന ചോദ്യത്തില്‍ സമയമാകുമ്പോള്‍ എല്ലാം പറയാം എന്നായിരുന്നു കാരാട്ട് റസാഖിന്റെ ഉത്തരം. പി വി അന്‍വര്‍ തന്നെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. അപ്പോള്‍ കാത്തിരിക്കാനാണ് താന്‍ അന്‍വറിനോട് പറഞ്ഞത്. ചിലപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാം, മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാം അല്ലെങ്കില്‍ അന്‍വറിനൊപ്പം തന്നെ ചേരാം. ലീഗിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
Follow us on :
Tags:
Please select your location.