Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 19:28 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിനും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനും ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് വിശദമായ നിവേദനം നൽകി. കോട്ടയത്ത് നടന്ന 'കായകല്പം' ജനസമ്പർക്ക പരിപാടിയിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച നിവേദനത്തിലാണ് ആശുപത്രിയുടെ വികസന ആവശ്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
കുറവിലങ്ങാട് പഞ്ചായത്തും സമീപ പ്രദേശങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമാണ് കുറവിലങ്ങാട് താലൂക്ക് ആസ്ഥാന ആശുപത്രിയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാഷ്വാലിറ്റി ഉൾപ്പെടെ ഒ.പി., ഐ.പി., ലാബ്, ഫാർമസി, എക്‌സ്-റേ, പൊതുജനാരോഗ്യ പദ്ധതികൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തത ഗുരുതര വെല്ലുവിളിയാണെന്നും വ്യക്തമാക്കുന്നു.
2020-ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ₹33.44 കോടി ചെലവിൽ പുതിയ ആശുപത്രി കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ ഇടപെടലിനെ തുടർന്ന് ഹൗസിംഗ് ബോർഡ് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
54 കിടക്കകളുള്ള ആശുപത്രിയിൽ ദിവസേന 500-ലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നിരുന്നാലും വിദഗ്ധ ചികിത്സാ വിഭാഗങ്ങൾ ഇല്ലാത്തതിനാൽ നിരവധി രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യമാണുള്ളത്. പുതിയ പാലിയേറ്റീവ് ബ്ലോക്കും നിർമ്മാണത്തിലിരിക്കുന്ന പുതിയ ക്യാഷ്വാലിറ്റി ബ്ലോക്കും പ്രവർത്തനക്ഷമമാക്കാൻ നിലവിലെ ജീവനക്കാരുടെ എണ്ണം മതിയാകില്ലെന്നും കൂടുതൽ തസ്തികകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
2025 മുതൽ എൻ.എച്ച്.എം. വഴി ലഭിച്ചിരുന്ന പീഡിയാട്രീഷ്യന്റെ സേവനം അവസാനിച്ചതോടെ കുട്ടികളെ കോട്ടയം ജനറൽ ആശുപത്രിയിലേക്കും ഐ.സി.എച്ചിലേക്കും റഫർ ചെയ്യേണ്ട സാഹചര്യമാണുള്ളത്. സ്ഥിരം ശിശുരോഗ വിദഗ്ധനെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന ക്യാഷ്വാലിറ്റിക്ക് ആകെ ആറ് CMO/അസിസ്റ്റന്റ് സർജൻ തസ്തികകൾ മാത്രമാണുള്ളത്. ഡോക്ടർമാരുടെ കുറവ് രോഗികൾക്കും ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർ തസ്തികകളും, എം.സി. റോഡിലെ അപകടങ്ങൾ കണക്കിലെടുത്ത് ജനറൽ സർജൻ തസ്തികയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
കൂടാതെ നഴ്സിംഗ് ഓഫീസർമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ആശുപത്രി അറ്റൻഡർമാർ, ഓഫീസ് അറ്റൻഡന്റ്, ഫാർമസിസ്റ്റ്-സ്റ്റോർ കീപ്പർ, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഇ.സി.ജി. ടെക്നീഷ്യൻ, ദന്തൽ മെക്കാനിക് തുടങ്ങിയ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രികാലങ്ങളിൽ ലാബ്, എക്‌സ്-റേ, ഫാർമസി, ഇ.സി.ജി. സേവനങ്ങൾ ജീവനക്കാരുടെ അഭാവം മൂലം ലഭ്യമല്ലാത്തതിനാൽ ഇവ 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയെ ആധുനിക സൗകര്യങ്ങളുള്ള സമഗ്ര ചികിത്സാകേന്ദ്രമായി ഉയർത്തി പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനായി നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.