Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുവാറ്റ കൊലക്കേസ്: 13കാരിയടക്കം മൂന്ന് കുട്ടികൾ പൊലീസ് കസ്റ്റഡിയിൽ; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

07 Sep 2026 19:20 IST

NewsDelivery

Share News :

ആലപ്പുഴ: കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതി ഉത്തരവിട്ടു. കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനും അന്വേഷണ നടപടികൾക്കുമായി കുട്ടികളെ കസ്റ്റഡിയിൽ ലഭ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയിൽ നൽകുന്നതിന് പ്രത്യേക വിലക്കില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു.

കേസിലെ മുഴുവൻ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. 13 വയസ്സുകാരിയാണ് കേസിലെ മുഖ്യപ്രതി. അടച്ചിട്ട വീട്ടിൽ അർധരാത്രിയിൽ കൊലപാതകം നടന്നതിനാൽ നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്ത സാഹചര്യത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് അന്വേഷണത്തിൽ നിർണായകമാണെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

അതേസമയം, 13കാരിയെ ഏറ്റെടുക്കാനോ നിയമസഹായം നൽകാനോ താൽപര്യമില്ലെന്ന് അമ്മയും മുത്തശ്ശിയും പൊലീസിനെ അറിയിച്ചു. കുടുംബത്തിന്റെ നിലപാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. പെൺകുട്ടിക്ക് സർക്കാർ ചെലവിൽ അഭിഭാഷക സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 15നാണ് ശിവൻകുട്ടി കൊല്ലപ്പെട്ടത്. മോഷണം പോയ സ്വർണം കണ്ടെത്തിയെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കൈയുറകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്.

Follow us on :

More in Related News