Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 17:33 IST
Share News :
മസ്‌കറ്റ്: വായനക്കൂട്ടം ഒമാൻ സംഘടിപ്പിക്കുന്ന ദ്വൈമാസ പുസ്തകചർച്ചയുടെ ഭാഗമായി 2026ലെ വയലാർ അവാർഡ് നേടിയ ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. റൂവിയിലെ അൽബാജ് ബുക്സിൽ നടന്ന പരിപാടിയിൽ സാമൂഹ്യപ്രവർത്തകൻ സിദ്ദിഖ് ഹസൻ പുസ്തകം പരിചയപ്പെടുത്തി.
മഹാഭാരതത്തിലെ അധികമാരും ശ്രദ്ധിക്കാത്ത ഉപകഥകളെയും തിരസ്കരിക്കപ്പെട്ട കഥാപാത്രങ്ങളെയും ആസ്പദമാക്കി രചിച്ച വേറിട്ടൊരു പുരാണാഖ്യാനമാണ് ‘ആത്രേയകം’. വർത്തമാനകാല രാഷ്ട്രീയ, സാമൂഹിക, ലിംഗനീതി വിഷയങ്ങളെ നോവൽ എങ്ങനെ പുരാണപശ്ചാത്തലവുമായി ബന്ധിപ്പിക്കുന്നുവെന്ന് സിദ്ദിഖ് ഹസൻ വിശദീകരിച്ചു.
ജാതിവ്യവസ്ഥകൾക്കെതിരായ സമത്വഭൂമികയായി ‘ആത്രേയം’ നിലകൊള്ളുന്നതായും ജയം, ധർമം എന്നീ വാക്കുകളുടെ പരമ്പരാഗത അർത്ഥങ്ങളെ നോവൽ പൊളിച്ചെഴുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലിംഗരാഷ്ട്രീയം, മനുഷ്യസ്നേഹം, അധികാരത്തിന്റെ ക്രൂരതകൾ എന്നിവ ചരിത്രപരമായ പശ്ചാത്തലത്തിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന കൃതിയാണിതെന്നും തന്റെ വായനാനുഭവത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. അതേസമയം, പുസ്തകത്തിലെ ചില ആശയങ്ങളെയും ആഖ്യാനരീതികളെയും സംബന്ധിച്ച വിമർശനങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ചലച്ചിത്ര സംവിധായകൻ അനൂപ് പന്തളം, എഴുത്തുകാരൻ ഹാരൂൺ റഷീദ്, രാജൻ കോക്കൂരി തുടങ്ങിയവർ പങ്കെടുത്തു. പുസ്തകത്തെക്കുറിച്ചുള്ള അവതാരകന്റെ നിരീക്ഷണങ്ങളോട് യോജിച്ചും വിയോജിച്ചും പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. നോവലിന്റെ സാമൂഹിക പ്രസക്തിയും ഇതിവൃത്തത്തിലെ വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചർച്ചയിൽ സജീവമായി.
എഴുത്തുകാരി അമ്മു വള്ളിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്ത് നന്ദി പറഞ്ഞു.
വായനയും സംവാദവും കൂട്ടിയിണക്കി സാഹിത്യകൃതികളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള വേദിയായി വായനക്കൂട്ടം ഒമാന്റെ പുസ്തകചർച്ച ശ്രദ്ധേയമായി.
Follow us on :
More in Related News
Please select your location.