Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാമ്പ്യൻസ് ബോട്ട് ലീഗ്; താഴത്തങ്ങാടിയില്‍ അരോമ ചുണ്ടന്‍ ജേതാക്കൾ

24 Oct 2026 20:46 IST

CN Remya

Share News :

കോട്ടയം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ താഴത്തങ്ങാടി മത്സര വള്ളംകളിയില്‍ അരോമ ചുണ്ടന്‍ ജേതാക്കള്‍. കലാശപ്പോരില്‍ മൂന്ന് മിനിറ്റ് 21.227 സെക്കന്‍ഡിലാണ് കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മേല്‍പ്പാടം ചൂണ്ടനും (മൂന്ന് മിനിറ്റ് 21.802 സെക്കന്‍ഡ്) നിരണം ബോട്ട് ക്ലബ്ബിന്‍റെ നിരണം ചുണ്ടനും(മൂന്ന് മിനിറ്റ് 21.925 സെക്കന്‍ഡ്) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വീയപുരം, ചെറുതന, ആര്‍പ്പൂക്കര, പുണ്യാളന്‍ നിരണം, നടുഭാഗം, തലവടി എന്നിവയാണ് നാലു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ പുത്തന്‍പറമ്പിലും വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ ചാമ്പ്യനും ചുരുളന്‍ വിഭാഗത്തില്‍ മൂഴിയും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നുതൈയ്ക്കനും ജേതാക്കളായി. സമാപനച്ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു സമ്മാനദാനം നിര്‍വഹിച്ചു. സി.ബി.എല്‍ മത്സരത്തില്‍ വിജയികളായ അരോമ ബോട്ട് ക്ലബ്ബിന് അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ നിരണം ബോട്ട് ക്ലബിന് ഒരു ലക്ഷം രൂപയും ലഭിക്കും.

താഴത്തങ്ങാടി മത്സര വള്ളംകളി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു. ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താഴത്തങ്ങാടി ജലമേളയ്ക്കു സ്ഥിരം പവിലിയൻ നിർമിക്കുന്നതു സംബന്ധിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ഇതുപരിശോധിച്ച് സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം നഗരസഭാധക്ഷ്യൻ എം.പി സന്തോഷ് കുമാർ പതാക ഉയർത്തി ചടങ്ങിനു തുടക്കം കുറിച്ചു. വള്ളംകളി സുവനീർ മന്ത്രി മോൻസ് ജോസഫിന് കൈമാറി സ്പീക്കർ പ്രകാശനം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി. ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രില്ലും ജലഘോഷയാത്രയും ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഏഴാമത് മത്സരവും 125-ാമത് കോട്ടയം മത്സരം വള്ളംകളിയും സംഘടിപ്പിച്ചത്.

Follow us on :

More in Related News