Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 18:35 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ (ഐ ഐസ് എം) പ്രഖ്യാപിച്ച സ്കൂൾ ഫീസ് വർദ്ധനവിലും, വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി സ്‌കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നുവന്നിരുന്ന സുരക്ഷിത യാത്ര സംവിധാനം പിൻവലിക്കലിലും പ്രതിഷേധിച്ചുകൊണ്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് നിവേദനം നൽകി.
ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ അടുത്ത അക്കാഡമിക് വർഷം മുതൽ സ്കൂൾ ഫീസിൽ വർദ്ധനവ് വരുത്തിയതായുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അപ്രതീക്ഷിതമായി വന്ന സ്കൂൾ ഫീസ് വർദ്ധനവ് രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ഭാരമാണ് വരുത്തിയിരിക്കുന്നത്.
ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന പ്രവാസികൾ നിലവിലെ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും, ജോലി സംബദ്ധമായ അനിശ്ചിതത്വങ്ങളും നേരിടുന്ന സമയത്താണ് ഫീസ് വർധന ഉണ്ടായിരിക്കുന്നത്.
ഗൾഫ് മേഖലയിൽ ഓയിൽ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധികൾ അവശ്യസാധനങ്ങളുടെ വിലവർദ്ധനവിലേക്കും, ജീവിതച്ചെലവിലെ വർദ്ധനവിനും കാരണമായേക്കാവുന്ന സാഹചര്യവും നിലനിൽക്കുന്നു. നിരവധി പ്രതിസന്ധികൾ പ്രവാസികൾ നേരിടുന്ന ഈ സമയത്ത് സ്‌കൂൾ ഫീസ് വർധിപ്പിക്കാൻ മാനേജ്‌മന്റ് എടുത്ത തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും, പിൻവലിക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ വർഷങ്ങളായി നടന്നുവന്നിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര സംവിധാനം പിൻവലിക്കുന്നതായുള്ള അറിയിപ്പും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് 2017 മുതൽ സ്കൂൾ മോണിറ്റേർഡ് സേഫ് ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിൽ വിദ്യാർത്ഥികൾക്കായി സ്കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യാത്ര സംവിധാന പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
സ്‌കൂൾ ബസുകളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഒമാനിൽ സംഭവിച്ച ദാരുണമായ ചില സംഭവങ്ങളെത്തുടർന്നാണ് നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം ഈ സംവിധാനം നടപ്പിലാക്കിത്തുടങ്ങിയത്. 2017 ൽ ഡയറക്ടർ ബോർഡ് ചെയർമാനായിരുന്ന വിൽസൺ ജോർജിൻറെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ ഒരു നയരേഖയ്ക്കു തന്നെ രുപം കൊടുത്തിരുന്നു.
ഇത്തരം ശ്രമങ്ങളുടെ ഫലമായി ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റത്തിലെ പരാധീനതകൾ പരമാവധി കുറയ്ക്കാനും സാധിച്ചിരുന്നു എന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം നേട്ടങ്ങളെ പൂർണമായും അട്ടിമറിക്കുന്ന സമീപനമാണ് സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയുടെ(എസ് എം സി) ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സേഫ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റത്തിന്റെ ഉത്തരവാദിത്തം അധികബാധ്യതായെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയിലെ താല്പര്യമുള്ള അംഗങ്ങളെയും സ്‌കൂൾ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കാൻ സാധിക്കുന്നവരെയും ചേർത്ത് 'ടാസ്ക് ഫോഴ്‌സ്' രൂപീകരിച്ച് ഫലപ്രദമായി ഈ സംവിധാനം തുടർന്നു പോകാൻ സാധിക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
2017 കാലത്ത് രൂപീകരിക്കപ്പെട്ട സേഫ് ട്രാൻസ്പോർട്ടേഷൻ, ഫിനാൻസ് , അക്കാദമിക് തുടങ്ങിയ നിരവധി നയരേഖകളും അനുബന്ധ ടാസ്‌ക്‌ഫോഴ്‌സുകളും നിലവിൽ നിർജ്ജീവമാണെന്നും അവർ പറഞ്ഞു
വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രക്ക് ഈ സംവിധാനം വലിയ സംഭാവനയാണ് നൽകിവന്നിരുന്നത്. സ്കൂളിന്റെ പിന്മാറ്റം മൂലം സ്വകാര്യ വാഹനങ്ങളിലെ യാത്രക്ക് രക്ഷിതാക്കൾ വലിയ പണം നൽകേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
വിജയകരമായി നടന്നു വന്നിരുന്നതും, വിദ്യാർത്ഥികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതുമായ യാത്ര സംവിധാനം പെട്ടന്ന് പിൻവലിക്കാനുണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കാൻ സ്കൂൾ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
രക്ഷിതാക്കളുടെ ഇടയിൽ കടുത്ത എതിർപ്പാണ് പുതിയ തീരുമാനങ്ങൾക്കെതിരെ ഉയരുന്നത്. സ്കൂൾ മധ്യവേനൽ അവധി വെട്ടിച്ചുരുക്കാൻ അടുത്തിടെ സ്കൂൾ മാനേജ്‌മന്റ് എടുത്ത തീരുമാനത്തിനെതിരെയും വലിയ പ്രതിഷേധം ഉണ്ടാകുകയും, ഇന്ത്യൻ അംബാസ്സഡർക്കു ഉൾപ്പെടെ രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തിരുന്നു.
രക്ഷിതാക്കളുമായി കൂടിയാലോചനകളോ, നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യാതെ സ്കൂൾ മാനേജ്‌മന്റ് സമീപകാലത്തായി ഏകപക്ഷീയമായി എടുത്തുവരുന്ന തീരുമാനങ്ങൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. നിവേദനത്തിൽ ഉന്നയിച്ച കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയ നിവേദക സംഘം അറിയിച്ചു.
രക്ഷിതാക്കളുടെ നിവേദക സംഘത്തിന് ദിനേശ് ബാബു, ബിനു കേശവൻ , സുനിത്ത് ,സുബിൻ,കെ വി വിജയൻ , റിയാസ് ,ജാൻസ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി .
Follow us on :
Tags:
More in Related News
Please select your location.