Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളെ സമ്മർദത്തിലാക്കുന്നു; മത്സര പരീക്ഷാ സംവിധാനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

18 Jun 2026 06:55 IST

NewsDelivery

Share News :

പരീക്ഷാ ക്രമക്കേടുകൾ- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം

ഇന്ത്യയിലെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ മേൽ അമിത സമ്മർദം ചെലുത്തുകയും അവരെ മാനസികമായി തളർത്തുകയും ചെയ്യുന്നുവെന്ന് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച 'ഛാത്രോം കി ഗൂഞ്ച്' (വിദ്യാർഥികളുടെ ശബ്ദം) മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ലെന്നും, രാജ്യത്തിന്റെ ഭാവി നിർമിക്കാൻ പരിശ്രമിക്കുന്ന യുവാക്കളുടെ പ്രശ്നങ്ങളും ആശങ്കകളും ചർച്ച ചെയ്യാനുള്ള വേദിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാജ്യത്തെ ഒരു വിദ്യാർഥിക്കും മത്സര പരീക്ഷകളിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വരരുതെന്നും അതിനായി സമൂഹവും സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിക്കിടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളുമായി രാഹുൽ ഗാന്ധി നേരിട്ട് സംവദിച്ചു. നീറ്റ്, ജെഇഇ, സിവിൽ സർവീസ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളെ വേദിയിലേക്ക് ക്ഷണിച്ച് അവരുടെ സ്വപ്നങ്ങൾ, പഠനച്ചെലവുകൾ, നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചും ചോദിച്ചറിഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കും പരീക്ഷാ ക്രമക്കേടുകൾക്കും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ പ്രശ്നങ്ങളും ആശങ്കകളും രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. എൻ.എസ്.യു.ഐയും യൂത്ത് കോൺഗ്രസും ചേർന്നാണ് കാമ്പയിൻ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി അലഹബാദ്, പട്ന, ഡൽഹി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ വിദ്യാർഥി സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Follow us on :

More in Related News