Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം വനിതാ ഗാർഹിക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം അവിസ്മരണീയമായി.

29 Mar 2024 16:25 IST

ISMAYIL THENINGAL

Share News :

ദോഹ: ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) വനിതാ ഗാർഹിക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം അവിസ്മരണീയമായി. സരായാ കോർണിഷ് ഹോട്ടലിൽ, ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന ഏതാണ്ട് 60 ഓളം സ്ത്രീ തൊഴിലാളികൾ പങ്കെടുത്ത സംഗമം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇത്തരമൊരു സംഗമത്തിൻ്റെ പശ്ചാത്തലം സൂചിപ്പിച്ചു കൊണ്ട്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ട്രഷറർ കുൽദീപ് കൗർ ബഹൽ സ്വാഗതം പറഞ്ഞു.
ഐ.സി. ബി.എഫ്  പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് സംഘടിപ്പിച്ചു വരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ചും, ആവശ്യക്കാർക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രതിബദ്ധതയും എടുത്തു പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. വൈഭവ് തണ്ടാലെ പറഞ്ഞു.

ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി,
ഐ.സി.സി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം സത്യനാരായണ മാലിറെഡ്ഡി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ശശിധർ ഹെബ്ബാൾ , ജോൺസൺ ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ.സി.ബി.എഫിൻ്റെ ഇത്തരം മാനുഷിക ഇടപെടലുകളെ അവർ അഭിനന്ദിച്ചു. ഇഫ്താർ സംഗമത്തിൽ ക്ഷണിക്കപ്പെട്ടവരിൽ ഒരാളായ ബസരിയ, ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച ഐ.സി.ബി.എഫിന് നന്ദി പറഞ്ഞു. 

എപ്പോഴും വീട്ടുജോലിക്കാരായി മാത്രം കഴിഞ്ഞിരുന്ന തങ്ങൾക്ക് ഇത്തരം പരിപാടികൾ അന്യമായിരുന്നു വെ ന്നും, ഇതിൽ പങ്കെടുക്കുവാൻ  സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. കൂടാതെ, തൻ്റെ ഖത്തർ ഐ.ഡി പുതുക്കുന്നതിന് ഐ.സി.ബി.എഫ്  നടത്തിയ ഇടപെടലുകൾക്ക്  നന്ദി പറയുകയും ചെയ്തു. പങ്കെടുത്ത മറ്റൊരു തൊഴിലാളിയായ  നസീമ, നാട്ടിലെ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്നതിൻ്റെ ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയും, ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി, തങ്ങളെപ്പോലെ സമാനമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വലിയ പ്രയോജനം ചെയ്യുന്ന ഒരു ശ്രദ്ധേയമായ സംരംഭമാണെന്നും പറഞ്ഞു.

ഐ.സി. ബി. എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു. പരിപാടിയുടെ  കോർഡിനേറ്ററും ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ സറീന അഹദ് നന്ദി രേഖപ്പെടുത്തി.


 

Follow us on :

Tags:

More in Related News