Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്

07 Jan 2025 13:17 IST

Shafeek cn

Share News :

ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്‌കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.


ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി എഎന്‍ഐയോട് പ്രതികരിച്ചു. ഭാരത് ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിനെ പുനര്‍നാമകരണം ചെയ്യുക വഴി പോസിറ്റിവായ സന്ദേശമാണ് നല്‍കുകയെന്നും ഇന്ത്യ ഗേറ്റില്‍ നിരവധി രക്തസാക്ഷികളുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ടെന്നും ഇത് അവര്‍ക്കുള്ള ആദരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ല. എല്ലാവരും ഇത് പൂര്‍ണ്ണമനസോടെ സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പ്രധാനമന്ത്രി മോദി ഉടന്‍ തന്നെ ഈ ആവശ്യം നിറവേറ്റും അദ്ദേഹം വ്യക്തമാക്കി.


മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനാണെന്നും ഇയാളുടെ പേരിലുളള റോഡ് എപി.ജ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു. ഇന്ത്യാഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. രാജ്പഥിനെ കര്‍ത്തവ്യയെന്ന നാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിച്ചു. അതുപോലെ ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്ന് മാറ്റണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു കത്തില്‍ ജമാല്‍ സിദ്ദിഖി പറയുന്നു.


മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ദേശസ്നേഹവും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള കൂറും വര്‍ധിച്ചതായും കത്തില്‍ പറയുന്നുണ്ട്. ഇതുവരെ നടത്തിയ പ്രധാന പേര് മാറ്റങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.




Follow us on :

More in Related News