Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 08:33 IST
Share News :
റിയാദ്: റിയാദ് പബ്ലിക് ജയിലിലെ എഫ്-31ാം നമ്പർ ജയിലിൽ അതീവ സന്തുഷ്ടനാണ് അബ്ദുറഹീമും സഹതടവുകാരും. 18 വർഷത്തെ തടവറ ജീവിതത്തിൽനിന്നും വധശിക്ഷയിൽനിന്നും മോചിതനായി വിശാല ലോകത്തേക്കുള്ള ജീവിതയാത്ര സാധ്യമാകാനുള്ള അവസരം ഒരുങ്ങുന്നതിനേക്കാളേറെ ലോകം തനിക്കുവേണ്ടി ഐക്യപ്പെട്ടതിലും മലയാളി സമൂഹം തന്റെ ജീവന്റെ വിഷയം പരിഗണിച്ചതിലുമാണ് ഏറെ സന്തോഷമെന്ന് ജയിലിൽ നിന്നുള്ള ടെലിഫോൺ സംഭാഷണത്തിൽ റഹീം പറഞ്ഞു.
മുഴുവൻ തുകയും സമാഹരിക്കപ്പെട്ട വാർത്തയറിഞ്ഞ് സഹതടവുകാരെല്ലാം വന്ന് കെട്ടിപ്പുണരുകയും വ്യത്യസ്ത രീതിയിൽ അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ചിലർ ശേഖരിച്ചുവെച്ചിരുന്ന മധുരം തന്നു. മറ്റു ചിലർ പ്രാർഥനാപൂർവം നല്ല വാക്കുകൾ പറഞ്ഞു. ഇനി എന്റെ സന്തോഷത്തിൽ പങ്കുചേർന്ന സഹോദരന്മാർക്ക് മധുരം നൽകണം. അതിനായി ജയിലിലേക്ക് ഭക്ഷണം കൊണ്ടുവരുന്ന വാഹനത്തിൽ മുൻകൂട്ടി ഓർഡർ കൊടുക്കണം. ഇതിനായുള്ള പണം സുഹൃത്ത് ഷൗക്കത്തിനോട് എംബസി പ്രതിനിധി യൂസുഫ്ക്കയെ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. പണം അദ്ദേഹം ജയിലിൽ കൊണ്ടുവന്ന് അടച്ചാൽ അവർക്ക് മധുരം നൽകും.
കന്യാകുമാരിക്കാരനായ ഒരാൾ മാത്രമാണ് സഹതടവുകാരിൽ മലയാളം സംസാരിക്കാൻ കൂട്ടുള്ളത്. ബാക്കി എല്ലാവരും മറു ഭാഷക്കാരാണ്. എങ്കിലും അവർ തരുന്ന സ്നേഹത്തിന് ഭാഷയോ രാജ്യാതിർത്തിയോ തടസ്സമല്ല. ജയിലിന് പുറത്ത് തനിക്കുവേണ്ടി നടക്കുന്നതെല്ലാം സമയാസമയം അറിയുന്നുണ്ട്. ഇത്ര പെട്ടെന്ന് പണം സമാഹരിക്കപ്പെടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് പണം മാത്രമല്ല, അവരുടെ പ്രാർഥന കൂടിയാണ്. മോചനം സാധ്യമാകുംവരെ പ്രാർഥന തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പണം സമാഹരിച്ചെങ്കിലും മോചനത്തിന് കടമ്പകൾ ഇനിയും ഏറെ ബാക്കിയുണ്ട്. പണം സമാഹരിച്ചുതുടങ്ങിയത് മുതൽ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയും അഷ്റഫ് വേങ്ങാട്ടും അടുത്ത സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്നു. പ്രാർഥന ഇപ്പോഴും തുടരുകയാണ്. എത്രയും വേഗം ഉമ്മയെ കാണണം. സഹായിച്ച മുഴുവൻ മനുഷ്യർക്കും പുറത്തുവന്ന് നന്ദി പറയണം. ആഗ്രഹം സഫലമാകാൻ ഇനിയും പ്രാർഥിക്കാൻ പറയണമെന്ന അഭ്യർഥനയോടെയാണ് മറുതലക്കൽ റഹീമിന്റെ ഫോൺ നിലച്ചത്.
Follow us on :
Tags:
More in Related News
Please select your location.