Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ

13 Aug 2024 11:02 IST

Shafeek cn

Share News :

ചണ്ഡീഗഡ്: വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ. ഇരട്ട ബലാത്സംഗത്തിന് 20 വർഷം തടവും രണ്ട് കൊലപാതകങ്ങൾക്ക് ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലിൽ കഴിയുന്ന ഗുർമീത് കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷാ കാലയളവിനിടയിൽ 10 തവണയാണ് ഗുർമീതിന് പരോൾ ലഭിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഗുർമീതിനെ ആശ്രമത്തിൽ നിന്നും രണ്ടു വാഹനങ്ങളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.


പരോൾ കാലയളവിൽ ബാഗ്പത് ആശ്രമത്തിൽ താമസിക്കുമെന്നാണ് റിപ്പോർട്ട്. റാം റഹീമിൻ്റെ താൽക്കാലിക മോചനത്തെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സമർപ്പിച്ച ഹരിജി ആഗസ്ത് 9 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പരോൾ. പക്ഷപാതമില്ലാതെ പരോളിനുള്ള ഏത് അപേക്ഷയും അതോറിറ്റി പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്ക് ഒന്നിലധികം ശിക്ഷകൾ അനുഭവിക്കുന്ന റാം റഹീമിനെ മോചിപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും പൊതുക്രമം തകർക്കുമെന്നും സുപ്രിം ഗുരുദ്വാര ബോഡിയായ എസ്‌ജിപിസി വാദിച്ചിരുന്നു.


കഴിഞ്ഞ ജനുവരിയിൽ 21 ദിവസത്തെ പരോളിന് ശേഷം ജയിലിൽ തിരിച്ചെത്തി 29 ദിവസത്തിനു ശേഷം ഗുർമീതിന് വീണ്ടും 50 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ഗുർമീതിന് തുടർച്ചയായി പരോൾ ലഭിക്കുമ്പോൾ സിഖ് സമൂഹത്തിൽ അവിശ്വാസത്തിൻറെ അന്തരീക്ഷം രൂപപ്പെടുന്നതായി എസ്ജിപിസി വിലയിരുത്തിയിരുന്നു. 1948ൽ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുർമീത് റാം റഹിം സിങ്.


ബലാത്സംഗത്തിലൂടെ സ്ത്രീകൾ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുർമീത് തൻറെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കിയിരുന്നു. ഒടുവിൽ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടർന്ന് 2002ൽ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മറ്റ് നാല് പേർക്കൊപ്പം കഴിഞ്ഞ വർഷവും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വർഷം മുമ്പ് ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 2019 ലും ഗുർമീത് ശിക്ഷിക്കപ്പെട്ടിരുന്നു.

Follow us on :

More in Related News