Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ നാലുമരണം

25 Aug 2024 10:05 IST

Shafeek cn

Share News :

മസ്‌കറ്റ്: ഒമാനിലെ വ്യത്യസ്ത ഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാലുമരണം. അതേസമയം ഒരു ഒമാനി പൗരനും മൂന്ന് അറബ് പൗരന്മാരും ഉള്‍പ്പെടെ അഞ്ച് കാല്‍നട യാത്രക്കാര്‍ നിസ്വയിലെ വാദി തനൂഫിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകുകയായിരുന്നു. ഇതില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച്പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റോയല്‍ ഒമാന്‍ പോലീസിന്റെ പ്രത്യേക വിമാനത്തിലാണ് ഇയാളെ നിസ്വ റഫറന്‍സ് ആശുപത്രിയിലേക്ക് മാറ്റിയത്.


അതേസമയം കനത്ത മഴയില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 16 പര്‍വതാരോഹകരുടെ സംഘത്തില്‍ പെട്ടവരാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. അതോടൊപ്പം സംഘത്തില്‍പ്പെട്ട മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും കാരണം സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാതെ പോകുകയായിരുന്നു.


ഒമാനിലെ ശക്തമായ മഴയില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം, പര്‍വതാരോഹണത്തിന് പോകുന്നവര്‍ നിദാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് അലി ബിന്‍ സെയ്ദ് പറഞ്ഞു. കൂടാതെ പര്‍വതാരോഹകര്‍ അവരുടെ ലൊക്കേഷന്‍ നിദാ ആപ്ലിക്കേഷന്‍ വഴി അധികൃതരുമായി പങ്കുവയ്ക്കണം. അവശ്യ സന്ദര്‍ഭങ്ങളില്‍ ആളുകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇത് സിവില്‍ ഡിഫന്‍സിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിലവില്‍ വടക്കന്‍ അല്‍ ശര്‍ഖിയ, അദ് ദാഖിലിയ, അദ് ദാഹിറ, അല്‍ ബുറൈമി എന്നീ ഗവര്‍ണറേറ്റുകളെ തീവ്രമായ ഇടിമിന്നലോടു കൂടിയ മഴ ബാധിച്ചതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വൈകിട്ട് മൂന്നു മണിയോടെ ആരംഭിച്ച കൊടുങ്കാറ്റ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴ വര്‍ഷവും ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ കൊടുങ്കാറ്റ് കൂടുതല്‍ വ്യാപിക്കുമെന്നും അല്‍ ഹജര്‍ പര്‍വതനിരകളോട് ചേര്‍ന്നുള്ള മരുഭൂമി പ്രദേശങ്ങളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ശക്തമായ ഒഴുക്കുള്ള പ്രദേശങ്ങളിലേക്കും വാദികളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.






Follow us on :

More in Related News