Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ ഫോണ്‍ സന്ദേശം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി.ടി.എ റഹീം

06 Apr 2026 16:53 IST

Basheer Puthukkudi

Share News :

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ തന്‍റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.എ റഹീം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ചുറ്റിക-അരിവാള്‍-നക്ഷത്രം ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ ആളുകളുടെ ഫോണുകളിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. 

എന്നാല്‍ തന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം ബക്കറ്റാണെന്നും, ചുറ്റിക-അരിവാള്‍-നക്ഷത്രം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ താനോ തന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റിയോ അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ പേരും ചിഹ്നവും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യം വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 8037847590 എന്ന നമ്പറില്‍ നിന്നാണ് ഇപ്പോള്‍ വ്യാജ സന്ദേശം വന്നിട്ടുള്ളത്. ഇതിന്‍റെ ഉറവിടം കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി.ടി.എ റഹീം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കൂടാതെ ഘടകകക്ഷി നേതാക്കളെ പാര്‍ട്ടി ഫണ്ട് വാഗ്ദാനം ചെയ്ത് സ്വാധീനിക്കുവാനുള്ള ശ്രമങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മുമ്പ് തന്‍റെ മൊബൈല്‍ നമ്പര്‍ ചിലരുടേതില്‍ 'സ്പാം' നമ്പറായി കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ ജനാധിപത്യ നടപടിക്രമങ്ങളെ ബാധിക്കാമെന്നും, അതിനാല്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


എൽഡിഎഫ് കുന്ദമംഗലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പി ഷൈപു, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചൂലൂർ നാരായണൻ, പി.കെ പ്രേംനാഥ്, നാഷണൽ ലീഗ് ജില്ലാ പ്രസിഡൻ്റ് സർമ്മദ്ഖാൻ, പി അഷ്റഫ് ഹാജി എന്നിവർ കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News