Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രീയത പ്രചരിപ്പിച്ചതിന് സമന്തയെ ജയിലിലടയ്ക്കണമെന്ന് ഡോക്ടര്‍

05 Jul 2024 16:15 IST

Shafeek cn

Share News :

വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ നടി സമന്ത പറഞ്ഞ രീതി അശാസ്ത്രിയമാണെന്നും നടിക്കെതിരേ കേസ് എടുക്കണമെന്നും പറഞ്ഞ് സാമൂഹ മാധ്യമത്തില്‍ ലിവര്‍ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്ത്. ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസേഷന്‍ ചെയ്താല്‍ അണുബാധയെ പ്രതിരോധിക്കാം എന്നായിരുന്നു സമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


ആരോഗ്യശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൂടാതെ നടിയെ ജയിലില്‍ അടക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. തന്റെ ഉദ്ദേശം ആരേയും ഉപദ്രവിക്കണമെന്നല്ലെന്നാണ് സമന്ത പറയുന്നത്.


‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, എനിക്ക് പലതരം മരുന്നുകള്‍ കഴിക്കേണ്ടി വന്നു. പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഈ മരുന്നുകളെല്ലാം കഴിച്ചത്. ഇവയില്‍ പലതും വളരെയധികം ചെലവേറിയതായിരുന്നു. എന്നെപ്പോലൊരാള്‍ക്ക് ഇത് താങ്ങാവുന്നതാണെങ്കിലും സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. കുറെക്കാലമായി ഈ ചികിത്സകളൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതര ചികിത്സാരീതികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. പരീക്ഷണങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും ശേഷം അത്ഭുതകരമായി പ്രവര്‍ത്തിക്കുന്ന ചികിത്സകള്‍ കണ്ടെത്തി. 25 വര്‍ഷമായി ഡിആര്‍ഡിഒയില്‍ സേവനമനുഷ്ഠിച്ച ഉയര്‍ന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിര്‍ദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവെക്കുക മാത്രമാണ് ചെയ്തത്.


ഒരു മാന്യവ്യക്തി എന്റെ പോസ്റ്റിനെയും ഉദ്ദേശലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്. എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യവും നല്ലതാണെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. എന്നെ ജയിലില്‍ അടയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു താരം എന്ന നിലയില്‍ വൈദ്യചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയിലാണ് ഞാന്‍ അക്കാര്യങ്ങള്‍ പങ്കുവച്ചത്.’- സമന്ത പറഞ്ഞു.


നേരത്തെയും സമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിച്ച നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ-പാനീയ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം. സമന്ത ഇതിന് കുറ്റസമ്മതം നടത്തിയിരുന്നു.

Follow us on :

More in Related News