Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിലെ ഏക ആന്റി മൈക്രോബിയല്‍ റിസര്‍ച്ച് ലാബ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു

27 Jan 2025 19:32 IST

ജേർണലിസ്റ്റ്

Share News :


ഇടുക്കി: സൂക്ഷ്മ രോഗാണുക്കളെ കണ്ടുപിടിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ആന്റി മൈക്രോബിയല്‍ റിസര്‍ച്ച് ലാബ് (എ.എം.ആര്‍ ലാബ് ) ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളലക്ടറേറ്റില്‍ ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരം അറിയിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ എത്തിച്ച് കണ്ടുപിടിക്കുകയും അതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ കണ്ടെത്തുകയുമാണ് പ്രവര്‍ത്തനരീതി. ഇതിലൂടെ ഡോക്ടര്‍മാര്‍ക്ക് ശരിയായ ആന്റിബയോട്ടിക്കുകള്‍ ശരിയായി ഡോസിലും അളവിലും രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കും.

ആശുപത്രിയില്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് കിറ്റ്‌കോയ്ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍ശന നിര്‍ദേശം നല്‍കി. ജില്ലാ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഫെബ്രുവരി രണ്ടാം വരം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച മനസികാരോഗ്യവിഭാഗത്തിന്റെ ഐ.പി. വിഭാഗം ഇതിനകം പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞിട്ടുണ്ട്.

എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച രാവിലെ 10 ന് ആശുപത്രി വികസനസമിതിയുടെ എക്‌സിക്യൂട്ടീവ് യോഗവും മൂന്ന് മാസത്തിലൊരിക്കല്‍ ജനറല്‍ ബോഡിയും വിളിച്ചു ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റില്‍ ഒരു ഷിഫ്റ്റ് കൂടി വര്‍ധിപ്പിച്ച് രാത്രിയും സേവനം നല്‍കുന്ന കാര്യം പരിഗണിക്കും. പ്രധാന ബ്ലോക്കിലെ കാന്റീന്‍ പ്രവര്‍ത്തനം കുടുംബശ്രീക്ക് കൈമാറുന്നതിനും വികസന സമിതിയില്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനും തീരുമാനമായി.

ബ്ലഡ് ബാങ്ക് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 4 ന് വൈകിട്ട് 5 മുതല്‍ ഫെബ്രുവരി 20 വരെ ഓപ്പറേഷന്‍ തീയേറ്റര്‍ അടച്ചിടും. എന്നാല്‍ പ്ലേറ്റ്‌ലെറ്റ് ആവശ്യമില്ലാത്ത അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുന്നതിന് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 21 രാവിലെ തന്നെ ഓ ടി പ്രവര്‍ത്തനം പുനരാരംഭിക്കും. ബ്ലഡ് ബാങ്ക് നവീകരണം ഒഴിവാക്കന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നടപടി.

അഡ്വ. എ. രാജ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ കലക്ടര്‍ വി.വിഗ്‌നേശ്വരി, സര്‍ക്കാര്‍ നോമിനികളായ സി വി വര്‍ഗീസ്, ഷിജോ തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.



Follow us on :

More in Related News