Tue Dec 12, 2023 10:56 PM 1ST

Location  

Sign In

7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനം

13 Mar 2026 20:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം: മന്ത്രി ജി. ആർ. അനിൽ

7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു

വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങളെന്നും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമായി മാറി എന്നതാണെന്നും ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

148 ആദിവാസി ഉന്നതികളിൽ സർക്കാറിന്റെ ചിലവിൽ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കുന്നു. അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടെയുള്ള ക്ഷേമ സ്ഥാപനങ്ങളിൽ മുഴുവൻ ആളുകൾക്കും ആവശ്യമുള്ള ഭക്ഷ്യധാന്യമെത്തുന്നു എന്ന് ഉറപ്പു വരുത്തുന്നു. റേഷൻ കടയിൽ പോകാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങൾ  വീട്ടിലെത്തിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നാമ്പുറങ്ങളിലുള്ളവരെപ്പോലും സർക്കാർ ചേർത്തുനിർത്തുകയാണ്. കോവിഡ് മഹാമാരിയും പ്രളയവും ഉണ്ടായ ദുരന്തകാലങ്ങളിൽ ഒരാൾ പോലും പട്ടിണികിടക്കാത്തത് സംസ്ഥാന സർക്കാരിന്റെ ഉറച്ച ഭരണനയവും ഇച്ഛാശക്തിയും കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.

പൊതുവിതരണ വകുപ്പിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ ഒരു ഘട്ടത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. 2013ൽ രാജ്യത്തു നിലവിൽ വന്ന ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2016ൽ കേരളത്തിൽ അധികാരമേറ്റ സംസ്ഥാന സർക്കാർ ഇവിടെ നടപ്പിലാക്കി. 2017 മാർച്ച് 9ന് റേഷൻ വാതിൽപ്പടി വിതരണവും 2018 ജനുവരി 6ന് ഇ-പോസ് സംവിധാനം വഴി മെഷീനിൽ വിരലടയാളം പതിപ്പിച്ചു റേഷൻ വിതരണം ചെയ്യുന്ന സംവിധാനവും നടപ്പിലാക്കി. സപ്ലൈകോ വഴി എൻഡ്-ടു-എൻഡ് കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കി വിതരണം കുറ്റമറ്റതാക്കി.

 സാർവത്രിക റേഷനിങ് നിലനിന്ന കേരളത്തിൽ കേന്ദ്ര നിയമം വന്നതോടെ മുൻഗണനാ വിഭാഗത്തിന് മാത്രമായി ഭക്ഷ്യധാന്യം പരിമിതപ്പെട്ട സാഹചര്യം ഉണ്ടായെങ്കിലും, സംസ്ഥാനം സ്വന്തം നിലയിൽ പണം ചിലവഴിച്ച് എല്ലാവർക്കും റേഷൻ ഉറപ്പാക്കുകയാണ്. 51 ലക്ഷം കുടുംബങ്ങൾക്ക് എഫ്.സി.ഐയിൽ നിന്ന് പണം കൊടുത്ത് അരി വാങ്ങിയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഇന്ത്യയിൽ എല്ലാ കുടുംബങ്ങൾക്കും റേഷൻ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു.

അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി അനർഹമായി കാർഡുകൾ കൈവശം വെച്ചിരുന്നവർക്ക് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ അവസരം നൽകി. ഇത്തരത്തിൽ 2,17,665 കാർഡുകൾ സ്വമേധയാ തിരിച്ചെത്തി. എന്നാൽ ഇനിയും കാർഡ് മാറ്റാത്തവരിൽ നിന്ന് 17,596 കാർഡുകൾ കണ്ടുകെട്ടുകയും 4.19 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇത്തരത്തിൽ നടത്തിയ നിരന്തരമായ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് അഞ്ച് വർഷത്തിനിടയിൽ 6,50,258 പുതിയ മുൻഗണനാ കാർഡുകൾ നൽകാൻ കഴിഞ്ഞത്. ഏറ്റവും ഒടുവിലായി ലഭിച്ച 69,000 അപേക്ഷകൾ പരിശോധിച്ചതിൽ നിന്നാണ് 65,000 കുടുംബങ്ങൾക്ക് ഇന്ന് കാർഡ് വിതരണം ചെയ്യുന്നത്. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആകെ 7,85,280 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചു. ഈ കാർഡുകൾ ലഭിക്കുന്നതോടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം മാത്രമല്ല, ചികിത്സാ സഹായവും മാസം 1,000 രൂപ വീതം ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷയും ഉറപ്പാക്കപ്പെടുന്നു.

ഭക്ഷ്യവകുപ്പിലെ ജീവനക്കാരുടെ കഠിനാധ്വാനമാണ് വകുപ്പിന്റെ നേട്ടങ്ങൾക്കു പിന്നിലെന്ന് മന്ത്രി പറഞ്ഞു. ഒരു കോടിയിലധികം അപേക്ഷകളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വകുപ്പിന് മുൻപിലെത്തിയത്. അവയെല്ലാം സമയബന്ധിതമായി തീർപ്പാക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു. റേഷൻ കാർഡ് ഇല്ലാത്ത ഒരു വ്യക്തി പോലും കേരളത്തിൽ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. മന്ത്രിയാകുന്നതിന് കുറെ കാലം മുൻപ് ഒരു സാധാരണ കുടുംബത്തിന് ബിപിഎൽ കാർഡ് വാങ്ങി നൽകാൻ തനിക്ക് മൂന്ന് വർഷം ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്ന അനുഭവം മന്ത്രി പങ്കുവച്ചു. ആ അവസ്ഥയിൽ നിന്നാണ് അർഹരായവർക്ക് കാർഡ് ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ ഉറപ്പാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയത്.

റേഷൻ കടകളെ ആധുനികവൽക്കരിക്കുന്ന കെ-സ്റ്റോർ പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് മാറി ഒരുപാട് പൊതുസേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാകുന്ന കേന്ദ്രങ്ങളായി റേഷൻ കടകൾ മാറുകയാണ്. ഇതിനോടകം 2511 റേഷൻ കടകൾ കെ-സ്റ്റോറുകളായി പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞത് സന്തോഷം നൽകുന്ന നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 

ചടങ്ങിൽ 'വിഷൻ 2031' ഡോക്യുമെന്റും 'ഭക്ഷ്യ ഭദ്രതയിൽ നിന്നും പോഷക ഭദ്രതയിലേക്ക്' എന്ന പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്താക്കളുടെ ബോധവത്കരണത്തിനായി പുറത്തിറക്കുന്ന വീഡിയോ റീലുകളും മന്ത്രി പ്രകാശനം ചെയ്തു.   

ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ ഷെർളി എസ്, പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ., ലീഗൽ മെട്രോളജി കൺട്രോളർ റീനാ ഗോപാൽ ആർ., മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News