Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി പി ദിവ്യയെ സംരക്ഷിച്ച് സിപിഐഎം; സംഘടന നടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന നേതൃത്വം

19 Oct 2024 16:19 IST

Shafeek cn

Share News :

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ സംഘടനാതലത്തില്‍ നടപടി ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം സംഘടന നടപടി മതി എന്ന നിലപാടാണ് സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗണ്‍സില്‍ വ്യക്തമാക്കി. ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചു.


നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കണ്ണൂര്‍ കളക്ടര്‍ പ്രതികരിച്ചത്. പിന്നാലെയാണ് തങ്ങളുടെ ഭാഗം സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കളക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.


അതിനിടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.


Follow us on :

More in Related News