Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 20:21 IST
Share News :
മലപ്പുറം : സെന്‍സസ് 2027 മായി ബന്ധപ്പെട്ട എന്യൂമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിയമിതരായിട്ടുള്ള ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലയില്‍ ആരംഭിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന മൂന്നു ദിവസത്തെ പരിശീലന പരിപാടി എ.ഡി.എം. സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലേക്ക് 132 ഫീല്‍ഡ് ട്രെയിനര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. 33 പേര്‍ വീതമുള്ള നാലു ബാച്ചുകളായി തിരിച്ച് രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ട പരിശീലനം മെയ് 18 മുതല്‍ 20വരെ ആസൂത്രണ സമിതി ഹാളില്‍ നടന്നു. രണ്ടാം ഘട്ട പരിശീലനം ഇന്ന് (മെയ് 21) മുതല്‍ മെയ് 23 വരെ നടക്കും.
ജില്ലയില്‍ സെന്‍സസ് ജോലികള്‍ക്കായി 8751 എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇവരെ 216 ബാച്ചുകളായി തിരിച്ച് മെയ് 28 മുതല്‍ ജൂണ്‍ 23 വരെ പരിശീലനം നല്‍കും. ഗ്രാമ പ്രദേശങ്ങളില്‍ സെന്‍സസ് ചുമതല നിര്‍വഹിക്കുന്നത് തഹസില്‍ദാര്‍മാരും നഗര പ്രദേശങ്ങളില്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാരുമാണ്. ഇവരുടെ നേതൃത്വത്തിലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനം എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നല്‍കുന്നത്. ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനത്തിന് സെന്‍സസ് ഡയറക്ടറേറ്റിലെ മാസ്റ്റര്‍ ട്രെയിനര്‍മാരായ സുരേഷ് നരോടന്‍, ജംഷീര്‍ ചെറുകാട്, ഷഹന കാരാടന്‍ സി.പി. സമീറലി, എം.വി.കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൂര്‍ണമായും ഡിജിറ്റലായി നടക്കുന്ന ആദ്യ സെന്‍സസാണിത്. 2026 ജൂണ്‍ 16 മുതല്‍ ജൂലൈ 30 വരെയും 2027 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെയുമുള്ള രണ്ടു ഘട്ടങ്ങളിലായാണ് സെന്‍സസ് നടക്കുന്നത്. 2026 ജൂണ്‍ 16മുതല്‍ ജൂണ്‍ 30വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ വഴി സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരമുണ്ട്. ജൂലൈ ഒന്നുമുതല്‍ 30വരെയാണ് ഹൗസ് ലിസ്റ്റിംഗ് ആന്‍ഡ് ഹൗസിങ് സെന്‍സസിനായി ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക് വരുന്നത്. സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിച്ച എസ്. ഇ. ഐഡി വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നതിനായി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കൈമാറണം. ഇതോടെ ഡിജിറ്റലായി നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെടും. രണ്ടാം ഘട്ടമായ പോപുലേഷന്‍ എന്യൂമറേഷന്‍ 2027 ഫെബ്രുവരി ഒന്‍പതു മുതല്‍ 28വരെ നടക്കും
Follow us on :
Tags:
More in Related News
Please select your location.