Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 21:22 IST
Share News :
വൈക്കം: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി കോളേജിൽ നിന്നുള്ള സംഘം വൈക്കത്ത് സന്ദർശനം നടത്തി. ഗാന്ധിജിയുടെ പാദസ്പർശം പതിഞ്ഞ വൈക്കത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ അടുത്തറിയുകയും അവയുടെ ചരിത്രപരമായ പ്രാധാന്യത്തെ മനസ്സിലാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസിന്റെ നേതൃത്വത്തിൽ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അടങ്ങുന്ന സംഘത്തെ ദളവാക്കുളം ബസ് സ്റ്റാൻഡിൽ വച്ച് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, മുനിസിപ്പാലിറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ യുസി കോളേജിൽ നിന്നുള്ള സംഘത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും ചെയർപേഴ്സൺ അറിയിച്ചു. തുടർന്ന് ദളവാക്കുളം ബസ്റ്റാൻഡിൽ നിന്നും പദയാത്രയായി സംഘം പ്രധാന സ്ഥലങ്ങളായ വൈക്കം മഹാദേവക്ഷേത്രം, ഇണ്ടംതുരുത്തി മന, തീണ്ടൽ പലക സ്ഥാപിച്ചിരുന്ന ഇടം , സത്യഗ്രഹ സ്മാരക ആശ്രമം സ്കൂൾ, കുടിനീർ സ്മാരകം, പഴയ പോലീസ് സ്റ്റേഷൻ, ബോട്ട് ജെട്ടി, വൈക്കം സത്യഗ്രഹ സ്മാരകം, വൈക്കം ബീച്ച്, തന്തൈപ്പെരിയാർ സ്മാരകം തുടങ്ങിയവ സന്ദർശിച്ചു. 1925 മാർച്ച് 18ന് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത ശേഷമുള്ള യാത്രക്കിടയിൽ മഹാത്മാഗാന്ധി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശിക്കുകയും സന്ദർശക ഡയറിയിൽ ഡിലൈറ്റഡ് വിത്ത് ദി ഐഡിയൽ സിറ്റുവേഷൻ എന്ന് കുറിക്കുകയും ചെയ്തു. ഇതേ അവസരത്തിൽ തന്നെ കോളേജിന്റെ മുറ്റത്ത് അദ്ദേഹം നട്ട മാവിൻ തൈ ഗാന്ധിമാവ് എന്ന് അറിയപ്പെടുകയും ഇപ്പോഴും കോളേജ് അത് സംരക്ഷിച്ചും പോരുന്നു. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ നൂറാം വർഷം ആചരിക്കുന്ന ഈ വർഷത്തെ ഗാന്ധിവർഷം എന്ന് നാമകരണം ചെയ്യുകയും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിലേക്ക് കടക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയായി യുസി കോളേജിൽ നിന്നും ഒരു പദയാത്ര ആലുവ മണപ്പുറം വഴി ആലുവ മുനിസിപ്പൽ ടൗൺ ഹാളിലേക്ക് ജനുവരി പതിമൂന്നാം തീയതി നടത്തപ്പെടുകയാണ്. തുടർന്ന് പ്രഭാഷണ പരമ്പര എക്സിബിഷനുകൾ പബ്ലിക് മീറ്റിങ്ങുകൾ, ഫിലിം ഫെസ്റ്റിവൽ, വിവിധ മത്സരങ്ങൾ എന്നിവ അടങ്ങുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കോളേജ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വൈക്കം സന്ദർശനത്തിന് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അജലേഷ് .ബി. നായർ, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, വൈസ് പ്രസിഡൻ്റ് ആർ. സജി, അബ്ദുസമദ് തുടങ്ങിയവർ നേതൃത്വം നൽകി. ഇണ്ടംതുരത്തി മനയിൽ ചെത്തു തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, ആശ്രമം സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി. ആർ. ബിജി. തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സാഹിത്യ ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കം യാത്രയിൽ ഉടനീളം സംഘത്തോടൊപ്പം സഞ്ചരിക്കുകയും വിവിധ സ്ഥലങ്ങൾ പരിചയപ്പെടുത്തുകയും മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.