Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

17 Nov 2026 19:09 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മലപ്പുറം തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സൂപ്പർവൈസറി വീഴ്‌ചയുണ്ടായതായി കണ്ടെത്തി. ഇതോടെ വെന്നിയുർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തു.


സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കുമെതിരെ ഉചിതമായ അച്ചടക്കനടപടികള്‍ സ്വീകരിക്കും. കൂടാതെ, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോർഡിന് നിർദ്ദേശം നല്‍കി.


ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്‌ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കും.


ഈ സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താൻ വൈദ്യുതി മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാദ്ധ്യതകളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം ഇക്കാര്യത്തിലുള്ള നിയമപരമായ പരിശോധന പൂർത്തിയാക്കുന്നതിന് ചീഫ് ഇലക്‌ട്രിക്കല്‍ ഇൻസ്പെക്‌ടർക്ക് നിർദ്ദേശം നല്‍കി.


ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ജുനൈദാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് സമീപത്തെ വയലില്‍ ട്രാക്‌ടർ ഉപയോഗിച്ച്‌ നിലം ഉഴുന്നത് കാണാൻ പോയതായിരുന്നു കുട്ടി. വയലില്‍ കാല്‍വഴുതി വീണ ജുനൈദ് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിന്റെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയില്‍ പിടിച്ചതോടെയാണ് വൈദ്യുതാഘാതമേറ്റത്. ഈ സ്റ്റേ കമ്പി മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയ നിലയിലായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടിളെ ട്രാക്‌ടർ ഡ്രൈവർ തടഞ്ഞതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.


ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

Follow us on :

More in Related News