Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2026 22:05 IST
Share News :
കടുത്തുരുത്തി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്ത അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ദേവസ്വം മന്ത്രിയെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും തളിയിൽ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തീർത്ഥാടന മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങൾ:
വില ഏകീകരണവും കർശന പരിശോധനയും: തീർത്ഥാടന കാലത്ത് ടൗണിലെ ഹോട്ടലുകളിൽ തോന്നുംപടി വില ഈടാക്കുന്നത് തടയാൻ വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും വില ഏകീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ശീതളപാനീയങ്ങൾക്കും പഴവർഗ്ഗങ്ങൾക്കും അമിതവില ഈടാക്കുന്നവർക്കെതിരെ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കർശന പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
കുടിവെള്ളവും വെളിച്ചവും: തീർത്ഥാടന കാലത്ത് 24 മണിക്കൂറും ക്ഷേത്രത്തിലും ടൗണിലും പരിസരങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കാനും, ക്ഷേത്രത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സമില്ലാതെ ഉറപ്പുവരുത്താനും വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും നിർദ്ദേശം നൽകി.
ഗതാഗത നിയന്ത്രണവും പാർക്കിംഗും: ടൗണിൽ തിരക്ക് വർദ്ധിച്ചാൽ ആവശ്യമെങ്കിൽ വൺവേ സംവിധാനം നടപ്പാക്കും. ബ്ലോക്ക് ജംഗ്ഷനിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും ദിശാ ബോർഡുകളും സിഗ്നൽ സംവിധാനങ്ങളും സ്ഥാപിക്കും. ക്ഷേത്ര റോഡിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കുകയും പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഉടൻ മാറ്റുകയും ചെയ്യും. ഇരുചക്ര വാഹനങ്ങൾക്ക് സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് അടിയിൽ പാർക്കിംഗ് സൗകര്യം ഒരുക്കും.
കൈയേറ്റം ഒഴിപ്പിക്കലും അപകടഭീഷണി നീക്കലും: കോട്ടയം - എറണാകുളം റോഡിൽ നടപ്പാത കൈയേറി സ്ഥാപിച്ചിട്ടുള്ളതും പ്രവർത്തിക്കാത്തതുമായ പെട്ടിക്കടകൾ നീക്കം ചെയ്യും. പോലീസ് ക്വാർട്ടേഴ്സ് പരിസരത്തു നിന്നും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന അപകടകരമായ മരങ്ങൾ വെട്ടിമാറ്റാനും നിർദ്ദേശിച്ചു.
സുരക്ഷയും ആരോഗ്യ സേവനവും: മണ്ഡലകാലത്ത് പോലീസിന്റെയും എക്സൈസിന്റെയും കർശന നിരീക്ഷണമുണ്ടാകും. ക്ഷേത്രപരിസരത്ത് രണ്ട് സ്പെഷ്യൽ പോലീസിനെ നിയോഗിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ കൗണ്ടറും അഗ്നിരക്ഷാ സേനയുടെ സേവനവും എല്ലായ്പ്പോഴും ലഭ്യമാക്കും.
യോഗത്തിൽ പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, വൈക്കം ഡിവൈ.എസ്.പി കെ.എൻ. രാജേഷ്, തളിയിൽ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ആർ. ശ്രീകുമാർ തെക്കേടത്ത്, വൈസ് പ്രസിഡന്റ് എം.കെ. സാംബജി, സെക്രട്ടറി ഗിരീഷ് കുമാർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്തംഗം ആൻമരിയ ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, അംഗങ്ങളായ ടി.സി. വിനോദ്, നോബി മുണ്ടക്കൻ, ടോമി പ്രാലടി, പ്രമോദ് കടന്തേരി എന്നിവരും വിവിധ വകുപ്പ് മേധാവികളും ക്ഷേത്രഭാരവാഹികളും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.