Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 10:13 IST
Share News :
ആലപ്പുഴ കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പോലീസ്. കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. എന്നാല്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി. അപകടമുണ്ടായതു തൊട്ടുമുന്‍പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാര്‍ ഓടിച്ച ഗൗരീശങ്കര്‍ മൊഴി നല്‍കിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. എതിര്‍വശത്തുനിന്നു കെഎസ്ആര്‍ടിസി ബസ് വരുന്നതു കണ്ടു പെട്ടെന്നു ബ്രേക്ക് ചവിട്ടി. വാഹനം നിയന്ത്രണംവിട്ടു വലതുവശത്തേക്കു തെന്നിമാറിയാണു ബസില്‍ ഇടിച്ചു കയറിയതെന്നും തൃപ്പൂണിത്തൂറ കണ്ണന്‍കുളങ്ങര സ്വദേശിയായ ഗൗരിശങ്കര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
അപകടത്തില്‍ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരില്‍ എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാര്‍ത്തിക വീട്ടില്‍ ആനന്ദ് മനു, ചേര്‍ത്തല മണപ്പുറത്ത് വീട്ടില്‍ കൃഷ്ണദേവ് എന്നിവരുടെ നില അല്‍പം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍നിന്നു മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.
Follow us on :
Tags:
More in Related News
Please select your location.