Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതാരങ്ങളടക്കം കുത്തനെ ഉയര്‍ത്തി പ്രതിഫലം; ‘അമ്മ’യ്ക്ക് കത്ത് നല്‍കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

05 Jul 2024 11:58 IST

Shafeek cn

Share News :

കൊച്ചി: സിനിമയില്‍ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയര്‍ത്തിയതോടെ പ്രതിസന്ധിയിലായി സിനിമാ നിര്‍മ്മാതാക്കള്‍. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനല്‍കിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. താങ്ങാനാകാത്ത പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിര്‍മ്മാതാക്കള്‍ സിനിമകള്‍ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കടക്കുകയാണ്‌.

നാല് കോടിക്ക് മുകളിലാണ് എല്ലാ മുന്‍നിര താരങ്ങളുടെയും പ്രതിഫലമെന്നും, ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണെന്നും, ഇതോടെ സിനിമയുടെ മുഴുവന്‍ പ്രതിഫലം 15 കോടിയിലധികമാകുമെന്നും പറയുകയുണ്ടായി. അതുമാത്രമല്ല വലിയ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിര്‍ത്തിയതോടെ തിയേറ്ററില്‍ നിന്നുമാത്രം ലഭിക്കുന്ന തുക ലാഭമുണ്ടാക്കുന്ന കാര്യത്തിലും സംശയമാണ്. കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണെന്നും ഛായാഗ്രാഹകരില്‍ ചിലര്‍ ദിവസ വേതനത്തിനാണ് വരാന്‍ തയാറാകുന്നതെന്നും നിര്‍മ്മാതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.


ശ്രദ്ധേയരായ സംഗീത സംവിധായകരാകട്ടെ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശമാണ് വാങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ വമ്പന്‍ തുകയ്ക്ക് മ്യൂസിക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ നിര്‍മ്മാതാക്കളുടെ പ്രശ്‌നം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. ഇതേ പ്രശ്‌നം നേരിട്ട തമിഴ് സിനിമ നിര്‍മ്മാതാക്കള്‍ സിനിമകള്‍ ചിത്രീകരിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മലയാള സിനിമയിലും താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ അതേ മാതൃക കേരളത്തിലും സ്വീകരിക്കേണ്ടതായി വരുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Follow us on :

More in Related News