Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുത്'; പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി

23 Oct 2024 14:34 IST

Shafeek cn

Share News :

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പൊതുവേദിയില്‍ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. 


സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തില്‍ കാര്യങ്ങള്‍ ചെയ്യണം. മാനുഷിക മുഖത്തോടുകൂടി സേവനങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ നിലനില്‍ക്കെയാണ് പൊതുവേദിയില്‍ പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും ശക്തമാക്കിയിരിക്കുകയാണ്. പരാതി ലഭിച്ച് എട്ട് ദിവസമായിട്ടും പി പി ദിവ്യ ഒളിവില്‍ തുടരുന്നതും പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.


യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കളക്ടര്‍ രംഗത്തെത്തിയിരുന്നു. യാത്രയയപ്പിന് മുമ്പ് ദിവ്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അവധി നല്‍കാതെ എഡിഎം നവീന്‍ ബാബുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം കളക്ടര്‍ തള്ളുകയും ചെയ്തിരുന്നു. നേരത്തെ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. നാളെയാണ് ഇനി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പി പി ദിവ്യയുടെ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവീന്‍ ബാബുവിന്റെ ഭാര്യ കോടതിയില്‍ വക്കാലത്ത് നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുള്ള വാദം ബോധിപ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.


Follow us on :

More in Related News