Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എം.എഫ് ജില്ലാ മീലാദ് കോൺഫറൻസ് ഞായറാഴ്ച പേരാമ്പ്രയിൽ; പ്രവാചക ദർശനം ഏത് നൂറ്റാണ്ടിലും പ്രസക്തം: എസ്.എം.എഫ്

05 Sep 2026 19:41 IST

NewsDelivery

Share News :

കോഴിക്കോട്: ആറാം നൂറ്റാണ്ടിൽ തന്നെ സ്ത്രീകൾക്ക് സ്വതന്ത്ര ചിന്തയും വിമോചനവും സമർപ്പിച്ച് സംസ്കാരബോധവും വ്യക്തിത്വ തിരിച്ചറിവും നൽകിയ ഖുർആന്റെയും പ്രവാചക ദർശനത്തിന്റെയും പ്രസക്തി ഏത് നൂറ്റാണ്ടിലും നിലനിൽക്കുമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) കോഴിക്കോട് ജില്ലാ നേതാക്കൾ പറഞ്ഞു.

സ്ത്രീകളെ മുസ്‌ലിം പണ്ഡിതന്മാർ പുതിയ നൂറ്റാണ്ടിലും പിന്നോട്ടുവലിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപനങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിം പണ്ഡിതന്മാർ. പുരോഗതിയിലേക്ക് നയിക്കുന്നതിനൊപ്പം ധാർമികവും മതപരവുമായ പരിരക്ഷ ഉറപ്പാക്കുന്നതിനും അവർ ശ്രദ്ധിക്കുന്നുണ്ട്.

പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്ന സ്ത്രീ സമൂഹത്തോട് മതവിധികൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം പണ്ഡിതന്മാർക്കുണ്ട്. ഈ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ അതിനെ തെറ്റായി വ്യാഖ്യാനിച്ച് ദുഷ്പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്.എം.എഫ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഞായർ വൈകിട്ട് 4ന് പേരാമ്പ്രയിൽ ജില്ലാ മീലാദ് കോൺഫറൻസ് നടക്കും. കാലിക വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

ജില്ലാ പ്രസിഡന്റ് ആർ.വി. കുട്ടിഹസ്സൻ ദാരിമി അധ്യക്ഷത വഹിക്കും. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ധീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ മുസ്തഫ ഹുദവി ആക്കോട് റബീഅ് പ്രഭാഷണം നടത്തും. പറക്കൽ അബ്ദുല്ല എം.എൽ.എ., നാസർ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കർ ഫൈസി, റഫീഖ് സകരിയ്യ ഫൈസി എന്നിവർ പ്രസംഗിക്കും.

വൈകിട്ട് 3ന് റാലിയും 6ന് ഗ്രാൻഡ് മൗലിദും നടക്കും.

വാർത്താസമ്മേളനത്തിൽ നാസർ ഫൈസി കൂടത്തായി (എസ്.എം.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി), മലയമ്മ അബൂബക്കർ ഫൈസി (ജില്ലാ ജനറൽ സെക്രട്ടറി), റഫീഖ് സകരിയ്യ ഫൈസി (സ്വാഗതസംഘം ചെയർമാൻ), സി. മുഹമ്മദ് അബ്ദുറഹിമാൻ (ജില്ലാ കമ്മിറ്റി ട്രഷറർ), അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട് (സ്വാഗതസംഘം ജനറൽ കൺവീനർ) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News