Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 21:59 IST
Share News :
ചാവക്കാട്:അറബിക്കടലില്‍ രൂപപ്പെട്ട കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ചാവക്കാട് തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു.കടല്‍ അസാധാരണമായി പ്രകോപിതമായതോടെ നിരവധി തീരദേശ പ്രദേശങ്ങളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറി.ചാവക്കാട് കടപ്പുറം പഞ്ചായത്ത് പരിധിയിലെ വെളിച്ചെണ്ണപ്പടി,മൂസാ റോഡ്,ബ്ളാങ്ങാട് ബീച്ച്,സമീപ തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലാണ് കടല്‍ കയറി ജനങ്ങളില്‍ ആശങ്ക പരത്തിയത്.ദേശീയ സമുദ്രപഠന കേന്ദ്രം നേരത്തെ തന്നെ കേരള തീരത്ത് കള്ളക്കടല്‍ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരദേശ മേഖലകളില്‍ ജാഗ്രത ശക്തമാക്കിയിരുന്നെങ്കിലും ഇന്ന് വൈകിട്ടോടെയാണ് കടലാക്രമണം കൂടുതല്‍ രൂക്ഷമായത്.ഉയര്‍ന്ന തിരമാലകള്‍ തീരത്തടിച്ച് കയറുകയും ചില ഇടങ്ങളില്‍ റോഡുകളിലേക്കും വീടുകളുടെ പരിസരങ്ങളിലേക്കും കടല്‍വെള്ളം എത്തുകയും ചെയ്തു.ബ്ളാങ്ങാട് ബീച്ച് മേഖലയിലെ ചില ഭാഗങ്ങളില്‍ കടല്‍തീര സംരക്ഷണത്തിനായി സ്ഥാപിച്ച മണല്‍തിട്ടകള്‍ ഭാഗികമായി ഇടിഞ്ഞു.കടല്‍ത്തീരത്ത് മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ചില മത്സ്യതൊഴിലാളികള്‍ക്ക് നാശനഷ്ട ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.മത്സ്യബന്ധന വള്ളങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.മുമ്പും ചാവക്കാട് കടപ്പുറത്ത് സമാനമായ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭത്തിന്റെ ആവര്‍ത്തനവും തീരദേശ ജനതയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.കഴിഞ്ഞ വര്‍ഷങ്ങളിലായി കടലാക്രമണത്തിന്റെ തീവ്രത വര്‍ധിച്ചുവരുന്നതായും നാട്ടുകാര്‍ ചൂണ്ടികാട്ടി.സംഭവത്തെ തുടര്‍ന്ന് പോലീസ്,റവന്യൂ,ഫയര്‍ഫോഴ്സ്, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.തീരദേശ മേഖലയിലുടനീളം ശക്തമായ നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ കടല്‍ത്തീരത്തേക്ക് ഇറങ്ങരുതെന്നും രാത്രിസമയങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കൂടാതെ,വിനോദസഞ്ചാരികളും സെല്‍ഫിക്കായി കടല്‍ത്തീരത്ത് എത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം നിര്‍ദേശിച്ചു.ശക്തമായ തിരമാലകള്‍ പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നതും അപകട മേഖലകളില്‍ കൂട്ടംചേരുന്നതും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.അടുത്ത ദിവസങ്ങളിലും കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശ മേഖലകളില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.