Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 16:34 IST
Share News :
കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും ചികിത്സയ്ക്കിടെ മരിച്ചു.ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ ജിജീഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ മരണമടഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് 20 നായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജീഷ് അടുക്കളയില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ പ്രവീണമരണമടഞ്ഞിരുന്നു.ഇപ്പോൾ ജിജീഷും അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
അന്‍പതു ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഇരുവര്‍ക്കുമേറ്റതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ നിരന്തര സൗഹൃദം പുലർത്തിയിരുന്നതായി പൊലിസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.ഭര്‍തൃമതിയായ പ്രവീണയ്ക്ക് ഒരു മകളുണ്ട്. ഇവരുടെ ഭര്‍ത്താവ് അജീഷ് ഏറെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയാണ്.
പ്രവീണയുടെ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ജിജീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്‌കൂൾ കാലം മുതലേ ഒരേ നാട്ടുകാരായ ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം തുടർന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. ജിജീഷിന്റെ മൊബൈല്‍ ഫോണ്‍ - വാട്‌സ്‌ആപ്പ് നമ്പറുകള്‍ സംഭവം നടക്കുന്നതിന് മുന്‍പ് ഒരാഴ്ച്ച മുന്‍പ് പ്രവീണ ബ്ലോക്ക് ചെയ്തിരുന്നു. നേരത്തെ സൗഹൃദമുണ്ടായിരുന്ന ഇരുവരും പിന്നീട് അകന്നതാണ് ജിജി ഷിന് വൈരാഗ്യമുണ്ടാകാന്‍ കാരണമായത്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ജീവനക്കാരനാണ് ജിജീഷ്.
സംഭവദിവസം പ്രവീണയും കുടുംബവും താമസിക്കുന്ന വാടകവീട്ടില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ബൈക്കിലെത്തിയ ജിജീഷ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലേക്ക് കയറുകയും പ്രവീണ അടുക്കളയിലേക്ക് കയറിപ്പോള്‍ പിന്നാലെയെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രവീണയുടെ ഭര്‍തൃ പിതാവിൻ്റെയും ഭര്‍തൃസഹോദരിയുടെ മകളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിക്കുന്നത്.
സംഭവത്തില്‍ കണ്ണൂര്‍ എസിപി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ജിജിഷും മരിക്കുന്നത്. ഇയാളുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്‍വലിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
Follow us on :
More in Related News
Please select your location.