Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 22:19 IST
Share News :
താനൂർ : ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് ഒരു നാടിന്റെ മുഖഛായയാണെന്നും പാലം ഉദ്ഘാടന സമയത്തെ വൻ ജന പങ്കാളിത്തം ഇതിനുദാഹരണമാണെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്ക് കുറുകെ പുതിയതായി നിര്‍മ്മിക്കുന്ന കോട്ടിലത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലം പ്രവൃത്തികൾക്ക് വൻ പ്രാധാന്യം സർക്കാർ നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് നിരവധി പാലം നിർമാണ ഉദ്ഘാടനങ്ങളും പൂർത്തീകരണ ഉദ്ഘാടനങ്ങളും നടന്നു കഴിഞ്ഞു. ഇത്തവണ പാലം പ്രവൃത്തി മാസം തോറും പരിശോധിക്കുന്ന യോഗങ്ങൾ സംഘടിപ്പിച്ചു. ഇതുവഴി ഒരുപാട് പാലങ്ങൾ യാഥാർത്ഥ്യമാക്കാനായി-മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. കോട്ടിലത്തറ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരിങ്ങാവൂരിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈലത്തൂരിലെ ഗതാഗതക്കുരുക്കിൽ പെടാതെ തിരൂർ പട്ടണത്തിലെത്താൻ വളരെ എളുപ്പമാകുന്നുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
തിരൂർ റെയിൽവേ മേൽപ്പാലം അപ്പ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് മുപ്പത്തി നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രദേശത്തെ ബംഗ്ലാംകുന്ന് - മീശപ്പടി റോഡ് വളരെ ശോചനീയമാണ്. ഇത് ബിഎംബിസി ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. നാലു കോടി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വൈലത്തൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് റോഡിന്റെ പൂർത്തീകരണം അധികം വൈകാതെ നടക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ട് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനാണ് തീരുമാനം. സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾക്ക് പണം നൽകി വരികയാണ്. ഈ മാസം അവസാനത്തോടെ പണി ആരംഭിക്കും. അഞ്ചുടിയിൽ പാലം നിർമാണത്തിനായി 21 കോടിയും തകർന്ന ഉണ്ണിയാൽ പാലം പുതുക്കുന്നതിന്റെ ഭാഗമായി 16 കോടിയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ചെറിയമുണ്ടം പഞ്ചായത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി ബഡ്സ് സ്കൂൾ നിർമിക്കാൻ ഒരു കോടി രൂപ വകയിരുത്തിയതായും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.