Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 22:26 IST
Share News :
കൊണ്ടോട്ടി : ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ തകർക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചില വ്യക്തികളിൽ നിന്നും ഉണ്ടാവുന്നതായും ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നും കായിക - ന്യൂനപക്ഷക്ഷേമ - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൊണ്ടോട്ടി ഹജ്ജ് ഹൗസിൽ നിർമ്മാണം പൂർത്തിയാക്കിയ 35 കിലോവാട്ടിൻ്റെ സോളാർ പ്ലാൻ്റ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി.
രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്കായി നടത്തി വരുന്നത്. എന്നാൽ സംവിധാനങ്ങൾക്ക് അകത്തു നിന്നുകൊണ്ടുതന്നെ ചില വ്യക്തികൾ സമാന്തര പ്രവർത്തനങ്ങൾ നടത്തി ഇവിടെയുള്ള സംവിധാനങ്ങളെ തകർക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണരുതെന്നും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ഭാവിയിൽ നമുക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങളിലൂടെ ഹജ്ജ് നിർവഹിക്കുന്നതിന് തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളായി ഇത് മാറും. സർക്കാറിന്റെ ഭാഗത്തുനിന്നും വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. പ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
യാത്രാ നിരക്കിലുള്ള അന്തരം മൂലം കരിപ്പൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുത്തവർ കുറവാണെന്നത് ഗൗരവത്തിൽ കാണുന്നു. ഇത്തവണ എയർ ഇന്ത്യയ്ക്ക് പുറമേ സൗദി എയർലൈൻസിനെയും മറ്റു വിമാന കമ്പനികളെയും ടെൻഡറിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് തുക കുറയുന്നതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂർ ഹജ്ജ് ഹൗസിൽ ഫെഡറൽ ബാങ്കിന്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉൾപ്പെടെ 15 ലക്ഷം രൂപ ചെലവിലാണ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി പൂർണമായി പ്രവർത്തനക്ഷമമായാൽ നിലവിലെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും. പ്രതിവർഷം ശരാശരി 6 ലക്ഷത്തിൽ പരം രൂപ വൈദ്യുത ചാർജ് ഇനത്തിൽ ചിലവ് വരുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി കരിപ്പൂർ ഹജ്ജ് ഹൗസിലാണ് ഗ്രീൻ എനർജി പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതോടൊപ്പം പൂർത്തിയാക്കിയ ഹജ്ജ് ഹൗസ് മുറ്റം നവീകരണം, 2025 ലെ ഹജ്ജ് വളണ്ടിയർമാരുടെ കൂട്ടായ്മ കോൺഫ്രൻസ് ഹാളിലേക്കായി നൽകുന്ന എക്സിക്യൂട്ടീവ് ചെയറുകൾക്കായി 4.1 ലക്ഷം രൂപയുടെ ചെക്ക് കൈമാറ്റം, വിവിധ വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണം തുടങ്ങിയവയും നടന്നു
Follow us on :
Tags:
More in Related News
Please select your location.