Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂരില്‍ കുഴിമന്തിയില്‍ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. 178 പേര്‍ക്ക് ഭക്ഷ്യവിഷബാധ

28 May 2024 11:10 IST

- Shafeek cn

Share News :

തൃശൂര്‍; പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം പൊന്‍മാനിക്കുടം സ്വദേശി രായംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ ഉസൈബയാണ് (56) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.


ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്‌സല്‍ വാങ്ങിയിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടിയത്.


ഭക്ഷണം കഴിച്ച നാല് പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകിട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവരുടെ ബന്ധുക്കളായ 3 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 

 

178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.


റിപ്പോര്‍ട്ട് പ്രകാരം 85 പേര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇവരില്‍ 15 കുട്ടികളും രണ്ട് പ്രായമായവരും ഉള്‍പ്പെടുന്നു. ചിലര്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ മറ്റുള്ളവര്‍ പാഴ്‌സലുകള്‍ വാങ്ങി കഴിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടവര്‍ കൊടുങ്ങല്ലൂരിലെയും ഇരിഞ്ഞാലക്കുടയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Follow us on :

More in Related News