Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 02:01 IST
Share News :
മസ്‌ക്കറ്റ്: മലയാളിയെ ഗൃഹാതുരത്വത്തിൻറെ തിരുമുറ്റത്തേയ്ക്കാനയിക്കുന്ന മധുര കാവ്യങ്ങളുടെ സ്രഷ്ടാവായ ഒ എൻ വിയുടെ ഓർമ്മകൾക്കു മുന്നിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് മലയാളം മിഷൻ ഒമാൻ കുട്ടികൾ. സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർ തല മത്സരത്തിൻറെ ഭാഗമായാണ് ഒ എൻ വി ഒമാനിലെ മണ്ണിൽ അകം പുറം നിറഞ്ഞത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികളാണ് മലയാളത്തിൻറെ പ്രിയ കാവിരാജനെ നെഞ്ചോടു ചേർത്തവതരിപ്പിച്ചത്.
മലയാളിക്കുട്ടികൾ മലയാളം മിണ്ടിയാൽ, രക്ഷിതാക്കളുടെ മിണ്ടാട്ടം മുട്ടിപ്പോകും എന്ന നിലയിൽ മാതൃഭാഷയോട് പുച്ഛവും അവജ്ഞയും നടമാടിയിരുന്ന ഒരു കാലം നമുക്കോർമ്മയുണ്ട്. അവിടെ നിന്ന്, കുട്ടികളെ മലയാളം കവിതകൾ വായിച്ച് പഠിപ്പിച്ച് ഹൃദിസ്ഥമാക്കി ശരിയായ ഉച്ചാരണശുദ്ധിയോടെ കാവ്യാലാപന വേദിയിലേക്ക് അഭിമാനപൂർവ്വം പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ കാലത്തേക്ക് നമ്മൾ കടന്നിരിക്കുന്നുവെന്ന് മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ പറഞ്ഞു. മലയാളം മിഷൻ ഒമാന്റെ ഭാഗമായ വിവിധ മേഖലകളിൽ നടത്തിയ മത്സരങ്ങളിൽ നിന്ന് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ചാപ്റ്റർ തല ഫൈനലിൽ പങ്കെടുത്തതെന്നും ഫൈനലിൽ വിജയിച്ചവർ ആഗോള മത്സരത്തിലേക്ക് യോഗ്യ നേടിയയെന്നും അദ്ദേഹം പറഞ്ഞു.
കേവലമൊരു കാവ്യാലാപന മത്സരമെന്നതിനപ്പുറം രണ്ടോ മൂന്നോ മാസക്കാലം നീണ്ടു നിൽക്കുന്ന കാവ്യോത്സവക്കാലമായാണ് ഒമാൻ ഘടകം സുഗതഞ്ജലിയെ ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പഠനകേന്ദ്രങ്ങളിൽ എത്തിയ ഘട്ടം മുതൽ, തയ്യാറെടുപ്പുകൾ ആരംഭിച്ച മുഴുവൻ കുട്ടികളും ഈ മത്സരത്തിൽ വിജയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ബുറൈമി, സോഹാർ, സീബ്, റുഷ്താഖ്, സൂർ, ഇബ്ര, നിസ്വ, മസ്‌ക്കറ്റ് എന്നിങ്ങനെ ഒമാനിലങ്ങോളമിങ്ങോളമുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ കുട്ടികളെ ഇത്തവണ ഈ മത്സരത്തിൻറെ ഭാഗമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അനു ചന്ദ്രൻ പറഞ്ഞു.
സഹജീവിസ്നേഹവും ദീനാനുകമ്പയും കാരുണ്യവും നിറഞ്ഞവരാക്കി വരും തലമുറകളെ വാർത്തെടുക്കുന്നതിൽ ഇത്തരം പരിപാടികൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്‌നകുമാർ അഭിപ്രായപ്പെട്ടു.
നമ്മുടെ നാടിന്റേതു മാത്രമായ സാംസ്ക്കാരിക ബിംബങ്ങളും സാമൂഹിക ബന്ധങ്ങളും, ഏറെയകലെയാണെങ്കിലും എപ്പോഴുമുള്ളിൽ നിറഞ്ഞു നിൽക്കുന്ന ജൈവ പ്രകൃതിയും കുറച്ചു നേരത്തേക്കെങ്കിലും തങ്ങളുടെ കാവ്യാലാപനത്തിലൂടെ പുനരാവിഷ്‌ക്കരിക്കാൻ ഈ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച ഇബ്രയിലെ അൽ ഷർഖിയ സാൻഡ്‌സ് ഹോട്ടലിൽ നടന്ന ചാപ്റ്റർ തല ഫൈനൽ മത്സരങ്ങത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ സൂർ മേഖലയിൽ നിന്നുള്ള ചന്ദ്രമൗലി ഒന്നാം സ്ഥാനം നേടി. ഇബ്ര മേഖലയിൽ നിന്നുള്ള അനിക രതീഷ് രണ്ടാം സ്ഥാനവും സീബ് മേഖലയിൽ നിന്നുള്ള ഇവ മാക്‌മിൽട്ടൻ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സോഹാർ മേഖലയിൽ നിന്നുള്ള ദിയ ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മസ്‌ക്കറ്റ് മേഖലയിൽ നിന്നുള്ള ആലാപ് ഹരിദാസ് രണ്ടാം സ്ഥാനവും ഇബ്രയിൽ നിന്നുള്ള അവന്തിക കെ കെ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സീബ് മേഖലയിൽ നിന്നുള്ള മുഹമ്മദ് അമീൻ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സ്‌കൂൾ സീബ് മലയാള വിഭാഗം മേധാവി അനിജ ഷാജഹാൻ, ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് മലയാള വിഭാഗം മേധാവി കലാ സിദ്ധാർത്ഥൻ, ഇന്ത്യൻ സ്‌കൂൾ മബേല മലയാള വിഭാഗം മേധാവി സി പി സുധീർ എന്നിവരാണ് വിധിനിർണ്ണയം നടത്തിയത്. ഭാഷാ ശുദ്ധി, അക്ഷര സ്ഫുടത, ആലാപന മാധുര്യം, താള സുഭഗത തുടങ്ങിയ കാവ്യഗുണകളെല്ലാം നിലനിർത്തി ഒ എൻ വിക്കവിതകളുടെ തനിമ തെല്ലും ചോരാതെ തന്നെയാണ് കുട്ടികൾ കാവ്യാലാപനത്തിൽ പങ്കുകൊണ്ടതെന്ന് വിധികർത്താക്കൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. ഒന്നിനൊന്നു മികച്ച നിലവാരമുള്ള കുട്ടികളിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കൽ സങ്കീർണ്ണമായ പ്രക്രിയയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മലയാള ഭാഷയോടും കേരളീയ സംസ്ക്കാരത്തോടും പ്രതിബദ്ധതയുള്ള ഒരു കൂട്ടം പ്രവാസി മലയാളികളുടെ ആത്മസമർപ്പണമാണ് മലയാളം മിഷന്റെ പ്രവർത്തന മൂലധനമെന്നും, ഒമാനിലെമ്പാടുമുള്ള ഭാഷാസ്നേഹികളുടെ സ്നേഹവും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
 
                        Please select your location.