Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2025 22:54 IST
Share News :
കോട്ടയം: "ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ,
ഇല്ലാ ഇല്ലാ മരിക്കുന്നില്ല
സഖാവ് വിഎസ് മരിക്കുന്നില്ല"
തന്നെ കാണാൻ വന്ന ആബാലവൃദ്ധം ജനങ്ങളുടെ കണ്ഠമിടറും ഉച്ചതിൽ വിളിക്കുന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ വി എസ് ജന്മനാട്ടിലേക്ക്. വി എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തുന്നത് ജനസഞ്ചയമാണ്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുമ്പോൾ ജില്ല കളക്ടർ അലക്‌സ് വർഗീസിന്റെ നേതൃത്വത്തിൽ ആദരവ് നൽകും. തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്.
ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വച്ചാണ് സ്വീകരിക്കുക. തുടർന്ന് കെ പി എ സി , ജി ഡി എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ആദരവർപ്പിക്കാം. തുടർന്ന് വി എസിന്റെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും.
വി എസിന്റെ പ്രധാന പ്രവർത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദർശനം പൂർത്തിയാക്കിയാക്കിയാണ് ഉച്ചയ്ക്ക് രണ്ടോടെ ജന്മനാട്ടിലേക്ക് മടങ്ങിയത്. വിലാപയാത്ര കാത്ത് നിൽക്കുന്ന ജനലക്ഷങ്ങളുടെ ഇടയിലൂടെ ഏറെ നേരം എടുത്താണ് കടന്ന് പോകുന്നത്. തലസ്ഥാനത്തുനിന്നും 151 കിലോമീറ്റർ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, പ്രിയനേതാവിന് അന്ത്യാഭിവാദം അർപ്പിക്കാനായി ജനങ്ങൾക്ക് ഒഴുകുകയാണ്. തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. രാത്രി ഒൻപതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനായിരുന്നു ഉദ്ദേശിച്ചത് എങ്കിലും രാത്രി പത്തേമുക്കാലിനും വി എസ് ആറ്റിങ്ങൽ കടന്നിട്ടില്ല. ജനസമുദ്രമാണ് ഓരോ കേന്ദ്രത്തിലേക്കും എത്തുന്നത്.
പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക് എന്നിവിടങ്ങൾ കടന്നാണ് ആറ്റിങ്ങലിൽ എത്തിയത്. ഇനി, കച്ചേരിനട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം കടന്ന് കൊല്ലം ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമുണ്ട്.
ആലപ്പുഴയിൽ കെ പി എ സി ജങ്ഷൻ, കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണമുണ്ട്.
ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിൽ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 10 മുതൽ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയിൽ ഏഴിടത്തും പൊതുജനങ്ങൾക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളിൽ പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്.
Follow us on :
More in Related News
Please select your location.