Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ജി. സര്‍വ്വകലാശാലാ ബജറ്റ്: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയ്ക്ക് ഊന്നൽ; 658.7 കോടി രൂപ വരവും 685.7 കോടി രൂപ ചെലവും

28 Dec 2025 21:27 IST

CN Remya

Share News :

കോട്ടയം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള 2026-27 വര്‍ഷത്തേക്കുള്ള ബജറ്റുമായി എംജി സർവകലാശാല. 658.7 കോടി രൂപ വരവും 685.7 കോടി രൂപ ചെലവും, 27 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാറിന്‍റെ അധ്യക്ഷയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്‍റെ ധനകാര്യ ഉപസമിതി കണ്‍വീനർ പി. ഹരികൃഷ്ണനാണ് അവതരിപ്പിച്ചത്.

വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഗവേഷണാശയങ്ങള്‍ കണ്ടെത്തുന്നതിനും അതുവഴി നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും ബജറ്റ് ലക്ഷ്യം. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ആരായുന്നതിനായി പ്രത്യേക ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇക്കാര്യത്തില്‍ മറ്റ് സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യവസായ പങ്കാളികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങള്‍ക്കായി പ്രത്യേക ഫണ്ട് വകയിരുത്തും. സംസ്ഥാനത്ത് ഇതാദ്യമായി കോണ്‍സ്റ്റിറ്റ്യൂവന്‍റ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി എം.ജി. സര്‍വ്വകലാശാല ആരംഭിച്ചു. ഇക്കാര്യത്തില്‍ നിയമ ഭേദഗതി ആവശ്യമാണെന്നും സര്‍ക്കാരിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള അധ്യാപനവും ഗവേഷണവും സംയോജിപ്പിക്കുന്നതിനും പുതിയ വിജ്ഞാന വിഷയങ്ങള്‍ നടപ്പിലാക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. സര്‍വ്വകലാശാലയുടെ കീഴില്‍ ഒരു കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുന്നതിനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ടിഷ്യൂ എഞ്ചിനീയറിംഗ്, പുനരുജ്ജീവന മെഡിസിന്‍, ലൈഫ് സയന്‍സസ് എന്നീ മേഖലകളിലെ ഗവേഷണ പുരോഗതിക്ക് സഹായകമായ ഒരു അന്താരാഷ്ട്ര ത്രീഡി പ്രിന്‍റിംഗ് ആന്‍റ് ബയോ പ്രിന്‍റിംഗ് കേന്ദ്രം എം.ജി. സര്‍വ്വകലാശാലയില്‍ സ്ഥാപിക്കും.

വിദ്യാര്‍ത്ഥികളെ ബഹിരാകാശ ഗവേഷണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഒരു ഉപഗ്രഹവിക്ഷേപണത്തിനുള്ള സാധ്യതകള്‍ ആരായാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജിയുമായി ചേര്‍ന്ന് സാധ്യതാപഠനം നടത്തും. ദേശീയ-വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ചുകൊണ്ട് സംയുക്തബിരുദ പ്രോഗ്രാമുകളും എം.ജി. സര്‍വ്വകലാശാല ആരംഭിക്കും. ആവശ്യകത അനുസരിച്ച് നൂതന മേഖലകളില്‍ പുതിയ പ്രോഗ്രാമുകള്‍ ആരംഭിക്കും. അഫിലിയേഷന്‍ സംവിധാനം ഇല്ലാതാകുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തില്‍ കാലാനുസൃതമായ പ്രോഗ്രാമുകളിലും പാഠ്യമേഖലകളിലും ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ സ്ഥാപിക്കും. സര്‍വ്വകലാശാലയ്ക്ക് ലഭിച്ച യു.ജി.സി. കാറ്റഗറി 1 പദവിയുടെ ഭാഗമായി ഓണ്‍ലൈന്‍ / എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് സംവിധാനമൊരുക്കും. നാലുവര്‍ഷബിരുദ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനത്തിലൂടെ പഠനപരിപാടികളില്‍ കഴിവുതെളിയിക്കുന്നതിനും നൈപുണ്യാധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനും സര്‍വ്വകലാശാലാ ക്യാമ്പസിനുള്ളില്‍ മൈക്രോ വ്യവസായ ഉല്‍പ്പന്ന യൂണിറ്റുകള്‍ വികസിപ്പിക്കും. ഗവേഷണ ആവശ്യങ്ങള്‍ക്കായുള്ള വിലയേറിയ ഉപകരണങ്ങള്‍ ഓരോ ലബോറട്ടറിക്കും പ്രത്യേകം വാങ്ങാതെ പൊതുവായി ഉപയോഗിക്കുന്നതിന് വേണ്ടി കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ സംവിധാനം ശക്തിപ്പെടുത്തും. ഉയര്‍ന്ന വേഗതയുള്ള ഇന്‍റര്‍നെറ്റ്, സുരക്ഷിതമായ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍, കേന്ദ്ര ലൈബ്രറി ഡിജിറ്റൈസേഷന്‍ തുടങ്ങി ഐ.ടി. രംഗത്ത് ആധുനീകരണത്തിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്ളും ബജറ്റിലുണ്ട്.

സര്‍വകലാശാലയിലെ ഐ.ടി. വിഭാഗത്തിന്‍റെ പരിചയ സമ്പന്നത സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റി വരുമാനം കണ്ടെത്തുന്നതിന് കമ്പനി മാതൃകയില്‍ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുകയും നിലവിലുള്ള ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. അധ്യാപകര്‍ക്കായി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കാനും അധ്യാപക - അനധ്യാപകര്‍ക്കായി ബാച്ചലേഴ്സ് ഹോസ്റ്റല്‍ സമുച്ചയം നിര്‍മ്മിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട് - വൈസ് ചാന്‍സലര്‍ അറിയിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണന്‍, പ്രൊഫ. (ഡോ.) ബിജു തോമസ്, ഡോ. ജോജി അലക്സ്, രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) ബിസ്മി ഗോപാലകൃഷ്ണന്‍, ഫിനാന്‍സ് ഓഫീസറുടെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാര്‍ സജീവന്‍ ഇ. കെ. എന്നിവരും സന്നിഹിതരായിരുന്നു.

Follow us on :

More in Related News